ന്യൂദൽഹി- ഹാഥ്‌റസിൽ പീഡനക്കേസിൽ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസിലെ പ്രതികൾ. കേസിലെ മുഖ്യപ്രതി സന്ദീപ് ഠാക്കൂറാണ് ആരോപണം ഉന്നയിച്ചത്. താനും കൊല്ലപ്പെട്ട യുവതിയും സുഹൃത്തുക്കളായിരുന്നുവെന്നും അതിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ യുവതിയെ പീഡിപ്പിക്കുയായിരുന്നുവെന്നുമാണ് ഇയാൾ ആരോപിക്കുന്നത്. ബന്ധുക്കൾ തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ പറയുന്നു. ജയിലിൽനിന്ന് എഴുതിയ കത്തിലാണ് ഇക്കാര്യമുള്ളത്. യുവതിയുടെ അമ്മയും സഹോദരനുമാണ് പീഡിപ്പിച്ചതെന്നും കത്തിൽ ആരോപിക്കുന്നു. യുവതിയുടെ സഹോദരനും പ്രതിയായ സന്ദീപ് ഠാക്കൂറും തമ്മിൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ മാർച്ച വരെ 104 തവണ ഫോണിൽ ബന്ധപ്പെട്ടതായി യു.പി പോലീസും പറയുന്നു. യുവതി കൊല്ലപ്പെട്ട ദിവസം യുവതിയുമായി സംസാരിച്ചിരുന്നുവെന്നും താൻ അവിടെ നിന്ന് പോന്ന ശേഷം അമ്മയും സഹോദരനും ചേർന്ന് യുവതിയെ മർദ്ദിച്ച് അവശയാക്കിയെന്നും ഇയാൾ പറയുന്നു. തന്നെയും മറ്റു മൂന്നുപേരെയും കേസിൽ തെറ്റായി പ്രതി ചേർത്തതാണ്. തങ്ങൾക്ക് നീതി ലഭ്യമാക്കണമന്നും കത്തിൽ ആരോപിക്കുന്നു.