ന്യൂദൽഹി- എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി 16-ലേക്കു മാറ്റി. രണ്ടു കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടിവരുമെന്നും സി.ബി.ഐയോട് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ തയാറാക്കിയ കുറിപ്പുകൾ കോടതിയിൽ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിന് കോടതി അനുതി നൽകി.
ജസ്റ്റിസ് യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. 2017 ഒക്ടോബറിലാണ് ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, എട്ടാം പ്രതി മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു.ഇത് ചോദ്യം ചെയ്താണ് സിബിഎയുടെ ഹർജി. കുറ്റപത്രം പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവിൽ പ്രതി പട്ടികയിലുള്ളവർ നൽകിയതാണ് മറ്റ് ഹർജികൾ.