യുപിയില്‍ ഗര്‍ഭിണിയായ 14കാരിയെ അച്ഛന്‍ തലയറുത്തു കൊന്നു; പുറത്തറിയുന്നത് രണ്ടാഴ്ച്ചയ്ക്കു ശേഷം

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ സിദൗലിയില്‍ ഗര്‍ഭിണിയായതിന്റെ പേരില്‍ 14 വയസ്സുള്ള മകളെ അച്ഛനും സഹോദരനും ചേര്‍ന്ന് തലയറുത്തു കൊലപ്പെടുത്തി. ആരാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് പെണ്‍കുട്ടി വെളുപ്പെടുത്താത്തിനെ തുടര്‍ന്നാണ് ക്രൂരമായ ദുരഭിമാനക്കൊല നടത്തിയത്. സിദൗലിയിലെ ദുലാപൂര്‍ ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തലറുക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സെപ്തംബര്‍ 24ന് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നെങ്കിലും കുടുംബം ഇക്കാര്യം രഹസ്യമാക്കിവച്ചതായിരുന്നു. കൊല നടത്തിയ ശേഷം തലറുത്ത് മൃതദേഹം അഴുക്കു ചാലില്‍ തള്ളിയതായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സഹോദരന്‍ മുങ്ങിയിരിക്കുകയാണ്. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയ ബന്ധത്തിലായിരുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രഥമദൃഷ്ട്യാ ഇതൊരു ദുരഭിമാനക്കൊലയാണെന്ന് വ്യക്തമാണെന്ന് പോലീസ് സുപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. ആരാണ് ഗര്‍ഭിണിയാക്കിയതെന്ന ചോദ്യത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതിയായ അച്ഛന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. പ്രണയബന്ധത്തിലായിരുന്ന ആളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഒരുക്കമായിരുന്നെന്നും അച്ഛന്‍ പോലീസിനോട് പറഞ്ഞു.
 

Latest News