ഹാഥ്‌റസ്- ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതി പെണ്‍കുട്ടിയുടെ സഹാദരനുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന യുപി പോലീസിന്റെ കണ്ടെത്തല്‍ കുടുംബം തള്ളി. ഫോണ്‍ വിളി രേഖകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ കണ്ടെത്തല്‍. എന്നാല്‍ പ്രതിയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമക്കി. 'എന്തിന് അയാളുമായി സംസാരിക്കണം. അദ്ദേഹം ഞങ്ങളുടെ ജാതിയില്‍പ്പെട്ടയാളല്ല, ഞങ്ങളുടെ ബന്ധുവുമല്ല. പിന്നെ എന്തിനു സംസാരിക്കണം. ഞങ്ങള്‍ സംസാരിച്ചിട്ടെ ഇല്ല,' സഹോദരന്‍ പറഞ്ഞു.
പോലീസിനു ലഭിച്ച ഫോണ്‍ വിളി രേഖയിലെ (സിഡിആര്‍) ഫോണ്‍ നമ്പര്‍ തങ്ങളുടേത് തന്നെയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. അതേസമയം കുടുംബത്തില്‍ ആരും പ്രതിയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും റെക്കോര്‍ഡ് ചെയ്യാം. അതു ഞങ്ങളെ കേള്‍പ്പിക്കൂ. എന്നാല്‍ മാത്രമെ വിശ്വസിക്കൂ- അദ്ദേഹം പറഞ്ഞു. പോലീസ് കണ്ടെത്തിയെന്നു പറയുന്ന ഫോണ്‍ വിളി രേഖ വ്യാജമാണെന്ന് പെണ്‍കുട്ടിയുടെ സഹോദര ഭാര്യയും പറഞ്ഞു.
ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റേ പേരിലുള്ള നമ്പറില്‍ നിന്നും കേസിലെ മുഖ്യപ്രതി സന്ദീപിന്റെ ഫോണിലേക്ക് നിരന്തരം കോള്‍ വന്നിട്ടുണ്ടെന്ന് ചൊവ്വാഴ്ചയാണ് യുപി പോലീസ് വെളിപ്പെടുത്തിയത്. അഞ്ചു മാസത്തിനിടെ നൂറോളം തവണ ഇരുവരും ഫോണില്‍ സംസാരിച്ചതായി രേഖകളില്‍ വ്യക്തമാണെന്നും പോലീസ് പറയുന്നു. 2019 ഒക്ടോബര്‍ 13 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കോള്‍ റെക്കോര്‍ഡുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ഹാഥ്‌റസിലെ ഗ്രാമമായ ബൂല്‍ഗഢിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ചന്ദപയിലുള്ള മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് ഈ ഫോണ്‍ വിളികളെന്നും പോലീസ് പറയുന്നു. 62 ഔട്ട് ഗോയിങ് കോളുകളും 42 ഇന്‍കമിങ് കോളുകളുമാണ് രേഖയിലുള്ളത്. പെണ്‍കുട്ടി പീഡനത്തിനിരയാകുന്നതിന് അഞ്ചു മാസം മുമ്പുള്ളതാണ് ഈ ഫോണ്‍ വിളി രേഖകള്‍.