Sorry, you need to enable JavaScript to visit this website.

പീഡനത്തിനിരയായി ജീവനോടെ ചുട്ടെരിക്കപ്പെട്ട ഉന്നാവിലെ ദളിത് യുവതിയുടെ ബന്ധുവിനെ കാണാനില്ല

ലഖ്‌നൗ- യുപിയിൽ ലൈംഗിക പീഡനത്തിനിരയായി പിന്നീട് പ്രതികള്‍ ജീവനോടെ തീയിട്ടുകൊന്ന ഉന്നാവിലെ ദളിത് യുവതിയുടെ സഹോദര പുത്രനെ നാലു ദിവസമായി കണ്ടെത്താനായില്ല. ഗ്രാമത്തിലെ കുളത്തിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ആറു വയസ്സുള്ള ബാലനെ കാണാതായത്. ഉന്നാവ്, ലഖ്‌നൗ, ബറേലി ജി്ല്ലകളിലായി 14 പോലീസ് സംഘങ്ങള്‍ തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഉന്നാവ് പോലീസ് സുപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു. എങ്കിലും നാലു ദിവസമായി ഇതുവരെ കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. 

നിരവധി പേരെ ചോദ്യം ചെയ്ത പോലീസ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ പരാതിയില്‍ പരാമര്‍ശിച്ചവരാണ് ഇവര്‍. ഈ അഞ്ചു പേരും നേരത്തെ 24കാരിയായ യുവതിയെ പീഡിപ്പിക്കുകയും ജീവനൊടെ തീയിട്ടുകൊല്ലുകയും ചെയ്ത കേസിലെ പ്രതികളുടെ ബന്ധുക്കളാണ്. കുട്ടിയെ കാണാതായ ദിവസം ഇവര്‍ ഗ്രാമത്തിലുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ടെന്ന് ഇവരുടെ ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചതോടെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഉന്നാവിലെ യുവതിയുടെ ബന്ധുവായ കുട്ടിയെ കാണാതയത്. 

പീഡനക്കേസുമായി മുന്നോട്ടു പോയ ഉന്നാവിലെ ദളിത് യുവതിയെ പ്രതികള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജീവനോടെ ചുട്ടുകൊന്നത്. തുടര്‍ന്ന് യുവതിയുടെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കുട്ടിയെ കാണാതായ സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ചുമതല വഹിച്ചിരുന്ന മൂന്ന് പോലീസുകാരെ കൃത്യനിര്‍വഹണ വീഴ്ചയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Latest News