Sorry, you need to enable JavaScript to visit this website.

തർഹീലിൽ നിന്നുള്ള 600 പേർ ഇന്ത്യയിലെത്തി;  അവശേഷിക്കുന്നത് 300 ഓളം പേർ

റിയാദ്- റിയാദിലെ തർഹീലിൽ കഴിഞ്ഞിരുന്ന 600 ഇന്ത്യക്കാരെ സൗദി എയർലൈൻസ് വിമാനത്തിൽ ഇന്നലെ ഇന്ത്യയിലെത്തിച്ചു. 350 പേരെ ദൽഹിയിലേക്കും 250 പേരെ ലഖ്്‌നോവിലേക്കുമാണ് എത്തിച്ചത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ഇത്രയും പേരെ നാട്ടിലെത്തിക്കാനായത്. രണ്ടാഴ്ച മുമ്പ് ദക്ഷിണേന്ത്യക്കാരായ 232 പേരെ ചെന്നൈയിലെത്തിച്ചിരുന്നു. ഇതോടെ റിയാദ് തർഹീലിൽ അവശേഷിക്കുന്നവരുടെ എണ്ണം 300 ആയി കുറഞ്ഞു. ഇവരിൽ മലയാളികൾ വളരെ കുറവാണ്. ദൽഹിയിലേക്കും ലക്‌നോവിലേക്കും പോയ വിമാനങ്ങളിലുള്ളവരെല്ലാം ഉത്തരേന്ത്യക്കാരാണ്. ഉത്തർപ്രദേശുകാരായിരുന്നു റിയാദ് തർഹീലിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്. അവരെല്ലാം ലക്‌നോവിലെത്തി.


അതേ സമയം ജിദ്ദ കോൺസുലേറ്റിന്റെ പരിധിയിൽനിന്ന് ഒരു വിമാനം മാത്രമാണ് പോയത്. സെപ്റ്റംബർ 26 ന് 352 പേരുമായി ദൽഹിയിലേക്കുള്ള വിമാനമായിരുന്നു ഇത്. ജിദ്ദയിൽ തർഹീലിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്. കോവിഡ് കാരണം ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളിൽ അനിശ്ചിതത്വമുണ്ടായതാണ് ഇവരെ നാട്ടിലെത്തിക്കാൻ വൈകിയത്. നേരത്തെ രേഖകൾ ശരിയാകുന്നതിനനുസരിച്ച് പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് നാട്ടിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. അതേസമയം ഇഖാമാ കാലാവധി കഴിഞ്ഞവരും തൊഴിൽ, താമസ നിയമ ലംഘകരുമായ ഇന്ത്യക്കാർ തർഹീലിൽ പുതുതായി എത്തുന്നുണ്ട്. 


തർഹീലിൽ നിന്നുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന്  റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും  നേരത്തെ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇവർക്കായി കേരളത്തിലേക്ക് വിമാന സൗകര്യം ഒരുക്കുകയാണെങ്കിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ തയാറാണെന്നും കാന്തപുരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാലും കേരളത്തിലേക്കുള്ള വിമാനങ്ങൾ അവസാന നിമിഷം റദ്ദാക്കപ്പെടുകയായിരുന്നു.


 

Latest News