Sorry, you need to enable JavaScript to visit this website.

ഹാഥ്‌റസില്‍ ബന്ധുവിന്റെ പീഡനത്തിനിരയായ നാലു വയസ്സുകാരി ആശുപത്രിയില്‍ മരിച്ചു

അലിഗഢ്- ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പ് ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്ത. 15കാരനായ ബന്ധുവിന്റെ പീഡനത്തിനിരായായ നാലു വയസ്സുകാരി ദല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചതായി പോലീസ് അറിയിച്ചു. ഹാഥ്‌റസില്‍ നിന്നുള്ള പെണ്‍കുട്ടിയെ ബന്ധു അലിഗഢിലെ ഇഗ്‌ലാസിലെ വീട്ടില്‍ ബന്ധിയാക്കി പീഡിപ്പിച്ചെന്നാണ് കേസ്. സെപ്തംബര്‍ 17ന് കുട്ടിയെ പ്രതിയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. പെണ്‍കുട്ടിയെ ഉടന്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. നാലു ദിവസം മുമ്പാണ് കുട്ടിയെ ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലേക്കു മാറ്റിയത്. ഹാഥ്‌റസിലെ ദളിത് പെണ്‍കുട്ടി മരിച്ച സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ചാണ് ഈ കുട്ടിയും മരിച്ചത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സെപ്തംബര്‍ 21നാണ് പോലീസ് കേസെടുത്തത്. 15 കാരനായ പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കേസില്‍ പങ്കുള്ള പ്രതിയുടെ അമ്മ മുങ്ങിയിരിക്കുകയാണ്.

ഇവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം ഹാഥ്‌റസ് മെയിന്‍ റോഡില്‍ കുത്തിയിരിപ്പു സമരം നടത്തി. പോലീസ് ഇവരെ അനുനയിപ്പിച്ചാണ് തിരിച്ചയച്ചത്. അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഇഗ്‌ലസ് പോലീസ് സ്റ്റേഷന്‍ എസ്എച്ഒയെ സസ്‌പെന്‍ഡ് ചെയ്തു.
 

Latest News