തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കമുള്ള ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ളവർ സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മറ്റു മെഡിക്കൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സമരങ്ങൾ ചെയ്യരുതെന്നും നിരന്തരം ഉരുവിടുന്ന ഐ.എം.എ അടക്കമുള്ള സംഘടനകളുടെ നീക്കം. സംസ്ഥാനത്ത് ആദ്യം നിരോധാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതും മറ്റാരുമല്ല. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്‌കരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസർമാർ കഴിഞ്ഞ ദിവസം കൂട്ടരാജി വെച്ചിരുന്നു. ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കാനും നീക്കമുണ്ടത്രേ.
കോവിഡ് കാലത്ത് സംസ്ഥാനത്തെ ആരോഗ്യ ജീവനക്കാർ ഏറെ ജോലി ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അറിഞ്ഞിടത്തോളം ലോകം മുഴുവൻ അങ്ങനെ തന്നെ. എന്തായാലും അതിന്റെ പേരിൽ കുറ്റവാളികളേയും സ്വന്തം തൊഴിലിൽ വീഴ്ച വരുത്തുന്നവരേയും ശിക്ഷിക്കരുതെന്നാണ് ഇവരാവശ്യപ്പെടുന്നത്. രോഗിയെ പുഴുവരിച്ച സംഭവത്തിലും ആംബുലൻസിലെ ബലാൽസംഗത്തിലും നവജാത ഇരട്ടക്കുട്ടികളുടെ മരണത്തിലും മൃതദേഹം മാറി നൽകിയ സംഭവത്തിലുമൊക്കെ ഉത്തരവാദികളെ വെറുതെ വിടണമെന്നാണോ ഐ.എം.എക്കാർ പറയുന്നത്? കുറ്റവാളികളെ സംരക്ഷിക്കലാണോ ട്രേഡ് യൂനിയനുകളുടെ കടമ? മതിയായ ആരോഗ്യ ജീവനക്കാരില്ലെങ്കിൽ കൂടുതൽ പേരെ നിയമിക്കാനാവശ്യപ്പെട്ടാണ് സമരം നടത്തേണ്ടത്, കുറ്റവാളികളെ ശിക്ഷിക്കരുതെന്നാവശ്യപ്പെട്ടല്ല. കൊറോണ വൈറസാണ് ഇവരേക്കാൾ ഭേദം എന്നാണ് ഈ സമരം വ്യക്തമാക്കുന്നത്.
കേരളം പ്രബുദ്ധമാണ്, ജനങ്ങൾ സംഘടിതരാണെന്നൊക്കെ പറയാറുണ്ടല്ലോ. കണക്കുകൾ എടുത്ത് പരിശോധിച്ചാൽ വളരെ ചെറിയ വിഭാഗം മാത്രമാണ് സംഘടിതരായിട്ടുള്ളവർ. അവരിൽ തന്നെ വലിയൊരു വിഭാഗം തങ്ങളുടെ സംഘടിത ശേഷി തെളിയിക്കുന്നത് അസംഘടിതരായ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങൾക്ക് എതിരെയാണ്. അതാണ് ഈ സംഭവത്തിലും കാണുന്നത്. ജനസംഖ്യയിൽ വളരെ കുറവാണെങ്കിലും സംഘടിതരായ ഡോക്ടർമാരും സർക്കാർ നഴ്‌സുമാരും മറ്റും അവരുടെ സംഘടിത ശേഷി ഉപയോഗിക്കുന്നത് ജനങ്ങൾക്ക്, പ്രത്യേകിച്ച് രോഗികൾക്ക് നേരെയാണ്. ഒരിക്കലും സംഘടിക്കാനംു അവകാശങ്ങൾ നേടിയെടുക്കാനും അറിയാത്തവരാണല്ലോ രോഗികൾ. അതേസമയം രോഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാനമായ രേഖ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. അതിലൂടെ ഒന്നു കണ്ണോടിച്ചാലാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാവുക.
ചികിത്സയുടെ കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ രോഗിയുടെ അറിവോടും പങ്കാളിത്തത്തോടും സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കിൽ, അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പു വരുത്തണം. എന്താണ് രോഗം, നൽകാൻ പോകുന്ന ചികിത്സ എന്തൊക്കെ, തുടർ നടപടികൾ എന്തായിരിക്കും, ഭവിഷ്യത്തുകൾ ഉണ്ടെങ്കിൽ അവയുടെ സാധ്യത എത്രത്തോളം, ചെലവ് എത്രത്തോളം എന്നിവ രോഗി/അടുത്ത ബന്ധുക്കൾ എന്നിവരെ അറിയിക്കണം, രോഗികൾക്കും ബന്ധുക്കൾക്കും ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകണം, രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാർഹിക പശ്ചാത്തലവും പരിഗണിച്ച് ആശുപത്രിയിലോ സമീപപ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭി ക്കേണ്ട ആദരം, സ്വകാര്യത, മാന്യത, രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം, രോഗം ഏതെങ്കിലും വിധത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത്, രോഗിയുടെ രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാ വിധികൾക്ക് പുറമെ ലഭ്യമായ മറ്റു രോഗനിവാരണ മാർഗങ്ങൾ (ആയുർവേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികൾക്ക് നൽകണം, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സൗജന്യ ചികിത്സാ പദ്ധതികൾ, ഇൻഷുറൻസ് സേവനങ്ങൾ, അതത് കാലങ്ങളിൽ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികൾ എന്നിവ സംബന്ധിച്ച് രോഗിയെ / ബന്ധുക്കളെ ധരിപ്പിക്കണം, തന്നെ ആരാണ് ചികിത്സിക്കുന്നത്, ഡോക്ടറുടെ പേര്, അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകൾ എന്നിവ രോഗിക്ക് അറിയാൻ കഴിയണം, ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള അവകാശം, മറ്റൊരു ഡോക്ടറെയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകൾ എന്തൊക്കെ, നൽകപ്പെട്ട ചികിത്സകൾ എന്തൊക്കെ, തുടർ ചികിത്സകൾ, രോഗസാധ്യതകൾ എന്നിവ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് രേഖാമൂലം ലഭിക്കണം, പരാതികളുണ്ടെങ്കിൽ ആരുടെ പക്കൽ എപ്രകാരം നൽകണം, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേൽ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം, പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നൽകുന്നതെങ്കിൽ ആ വിവരം മുൻകൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്.
ഇക്കാര്യങ്ങൾ രോഗിയുടെ അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം. പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങൾ, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ, നഷ്ടപരിഹാര സാധ്യതകൾ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം, ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ ഉറ്റവർക്കും കാണത്തക്കവിധം ഇക്കാര്യങ്ങൾ ഉൾക്കൊള്ളുന്ന വലിയ പരസ്യ ബോർഡുകൾ ആശുപത്രിയുടെ കവാടത്തിലും വിവരങ്ങൾ നൽകുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കേണ്ടതാണ്. ഡിസ്ചാർജിനു ശേഷം 72 മണിക്കൂറിനകം ചികിത്സാരേഖകളും റിപ്പോർട്ടുകളും രോഗികൾക്കു നൽകുക, ഏതെങ്കിലും മരുന്നു കടകളേയോ ഫാർമസികളേയോ ശുപാർശ ചെയ്യാതിരിക്കുക തുടങ്ങിയവയെല്ലാം രോഗിയുടെ സ്വാഭാവിക അവകാശങ്ങളാണ്. കൂടാതെ സുതാര്യതയെ കുറിച്ച് ഏറെ ചർച്ച ചെയ്യുന്ന കാലമായിട്ടും ചികിത്സാ നിരക്കുകൾ ഇപ്പോൾ സുതാര്യമല്ല. തോന്നിയ പോലെയാണ് ഓരോ ആശുപത്രിയും അത് ഈടാക്കുന്നത്. ചികിത്സാ നിരക്കുകൾ ഏകീകരിക്കുകയും പരസ്യമാക്കുകയും വേണമെന്ന നിർദേശവും കരടിലുണ്ട്. എന്നാൽ എന്താണ് സംഭവിക്കുന്നത്? രോഗിക്ക് വായിച്ചാൽ മനസ്സിലാകുന്ന രീതിയിൽ മരുന്നുകളുടെ പേരു പോലും എഴുതാൻ ഡോക്ടർമാർ തയാറല്ല എന്നതാണ് യാഥാർത്ഥ്യം. രോഗത്തെ കുറിച്ച് വ്യക്തമായ ചിത്രവും രോഗിക്കോ ബന്ധുക്കൾക്കോ നൽകാറുമില്ല.
ഒരു രോഗിയെ കിട്ടിയാൽ എങ്ങനെ അവന്റെ പോക്കറ്റ് കാലിയാക്കാം എന്ന അവസ്ഥയിലേക്ക് കേരളത്തിലെ വൈദ്യമേഖല മാറിക്കഴിഞ്ഞിരിക്കുന്നു. രോഗങ്ങളെ കുറിച്ചും ചികിത്സകളെ കുറിച്ചും കാര്യമായി അറിയാത്തതിനാൽ വെറും ഗിനിപ്പന്നികളായി മാറേണ്ട അവസ്ഥയിലാണ് രോഗികൾ. മരുന്നു കമ്പനികളാണ് പൊതുവിൽ ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്നത്.
വൻ തുക കൊടുത്ത് ഡോക്ടറായി വരുന്നവർ ആ പണം പലിശയടക്കം തിരിച്ചു പിടിക്കാൻ സ്വാഭാവികമായും ചെയ്യുന്നതാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെങ്കിൽ മനസ്സിലാക്കാം. എന്നാൽ ഇതാണ് മുഖ്യ പ്രവണത. അതിനെതിരെ അസംഘടിതരായ രോഗികളും കുടുംബങ്ങളും എങ്ങനെയാണ് പ്രതികരിക്കുക? മരണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചാൽ തന്നെ അത് തെളിയിക്കുക എളുപ്പമല്ല. കാരണം അതേക്കുറിച്ചന്വേഷിക്കുക ഡോക്ടർമാർ തന്നെയായിരിക്കും, അവരുടെ റിപ്പോർട്ടാണ് കോടതി തെളിവായി സ്വീകരിക്കുക. ഈ സാഹചര്യത്തിലാണ് പലയിടത്തും ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ ആക്രമണങ്ങൾ നടക്കുന്നത്. അതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി.
എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കരടിൽ ഊന്നിപ്പറയുന്നുണ്ട്. പരാതി കിട്ടി 24 മണിക്കൂറിനകം നടപടികൾ ആരംഭിക്കണമെന്നും 15 ദിവസത്തിനകം വിശദ വിവരങ്ങൾ രോഗിയെ അറിയിക്കണമെന്നും നിഷ്‌കർഷിക്കുന്നു.
അറിയാനുള്ള പ്രാഥമിക അവകാശം പോലും നിഷേധിക്കപ്പെടുന്ന രോഗികൾക്ക് ഇതൊരു ആശ്വാസമാണ്. നടപടികളിൽ തൃപ്തരല്ലെങ്കിൽ രോഗികൾക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള അതോറിറ്റികളെ സമീപിക്കാം. ബിൽ തർക്കങ്ങളുടെ പേരിൽ രോഗിയേയോ മൃതദേഹത്തേയോ തടഞ്ഞുവെക്കരുതെന്നും കരടിൽ നിർദേശമുണ്ട്. വളരെ പ്രധാനപ്പെട്ട മറ്റൊന്ന് രോഗികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കലാണ്. ചികിത്സാവേളയിൽ മാത്രമല്ല, മരണത്തിലും മരണ ശേഷവും രോഗിയുടെ അന്തസ്സ് മാനിക്കണം. അതാണ് പുഴുവരിച്ച സംഭവത്തിലും മൃതദേഹം മാറിയ സംഭവത്തിലുമൊക്കെ ഇല്ലാതിരിക്കുന്നത്.
രോഗികളുടെ അവകാശങ്ങളെ കുറിച്ചുള്ള കരടിനെ കുറിച്ചുള്ള അഭിപ്രായം കാലാവധി കഴിഞ്ഞിട്ടും കേരളം അറിയിച്ചിട്ടില്ല എന്നാണറിവ്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിനേയും ജനങ്ങളേയും വെല്ലുവിളിച്ചുള്ള ഇത്തരം സമരാഭാസങ്ങൾ നടന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ..