Sorry, you need to enable JavaScript to visit this website.

കൈവെടിയരുത്, കരുതലും ജാഗ്രതയും 

കോവിഡിന്റെ കണക്കിൽ വലിയ തോതിലുള്ള വർധനയാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടന്നിരിക്കുന്നു. ഇന്നലെ 6324 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ രോഗബാധയുടെ പ്രത്യേകത 15 വയസ്സിന് താഴെയുള്ള 78 കുട്ടികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ള 118 പേർക്കും രോഗബാധയുണ്ടായെന്നതാണ്. ബുധനാഴ്ച 5376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെയും സമ്പർക്കം വ്യക്തമല്ലാത്തവരുടെയും എണ്ണത്തിലുള്ള വർധന വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്നലെ 5321 പേർക്ക് സമ്പർക്കം മൂലം രോഗബാധയുണ്ടായപ്പോൾ ഉറവിടമറിയാത്തവരുടെ എണ്ണം 628 ആയിരുന്നുവെങ്കിൽ മിനിയാന്ന് ഇത് യഥാക്രമം 5064, 640 എന്നിങ്ങനെയാണ്. മാർച്ച് മാസത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ ഉണ്ടായിരുന്നതിന്റെ എത്രയോ മടങ്ങാണ് ഇപ്പോഴത്തെ രോഗനിരക്ക്.


രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനയുടെ എണ്ണത്തിലും വൻതോതിൽ വർധന വരുത്തുന്നതിന് സംസ്ഥാന സർക്കാർ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച മാത്രം പരിശോധന നടത്തിയവരുടെ എണ്ണം 51,200 ആയിരുന്നു. രോഗത്തിന്റെ വർധനയനുസരിച്ച് മരണനിരക്ക് കുറച്ചു നിർത്താനാകുന്നുവെന്നത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശ്വാസകരമാണ്. ലോകതലത്തിലുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോഴും ഇത് ആശ്വാസകരം തന്നെയാണ്. എങ്കിലും രോഗനിരക്കിലുള്ള വർധന പിടിച്ചുനിർത്താനാകുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ച യുവാക്കളിലെ മരണ നിരക്കുമായി ബന്ധപ്പെട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 0.1 ശതമാനം മാത്രമാണ് യുവാക്കൾക്കിടയിലെ മരണ നിരക്കെങ്കിലും രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഈ കണക്കിലും വർധനയുണ്ടാകുമെന്നതാണ് അതിൽ പ്രധാനം. 100 പേർക്കോ 1000 പേർക്കോ അതിൽ കൂടുതൽ പേർക്കോ രോഗബാധയുണ്ടാകുകയാണെങ്കിൽ മരണനിരക്ക് ഒന്നിൽനിന്ന് പത്ത്, 100 എന്നിങ്ങനെ ഉയരുന്ന സാഹചര്യമുണ്ടാകും. ഇതും ആശങ്കാജനകമാണ്. രണ്ടു മാസത്തോളം നീണ്ട അടച്ചുപൂട്ടലിന് ശേഷം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അൺലോക് നാലിന്റെ ഭാഗമായി പൂർണമായും ഇളവുകൾ നിലവിൽ വന്നിരിക്കുകയാണ്. എല്ലാ രംഗങ്ങളിലും സാധാരണ അവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എല്ലായ്‌പോഴും അടച്ചിട്ടുകൊണ്ട് ഒരു സമൂഹത്തിന് അധികനാൾ മുന്നോട്ടു പോകാനാകില്ലെന്ന യാഥാർത്ഥ്യമാണ് ഇത്തരത്തിൽ ഇളവ് അനുവദിക്കുന്നതിന് ഇടയാക്കിയത്.

തൊഴിൽ മേഖലയും വ്യവസായ സംരംഭങ്ങളും നിശ്ചലമാകുന്നത് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെ ആകെയും ജീവിതത്തെ നിശ്ചലമാക്കും. അതുപോലെ തന്നെ വ്യാപാര സ്ഥാപനങ്ങളുടെയും സ്ഥിതി. രണ്ടു മാസത്തോളം നീണ്ടുനിന്ന സമ്പൂർണ ലോക്ഡൗണിന്റെ ഘട്ടത്തിൽ കേരളം ജനങ്ങളെ ചേർത്തുനിർത്തിയതുകൊണ്ടാണ് ഇവിടെ ജനങ്ങൾക്ക് വലിയ ദുരിതങ്ങൾ ഇല്ലാതെ പോയത്. മാത്രവുമല്ല അടുത്ത മാസങ്ങളിലും സൗജന്യ റേഷൻ നൽകാനുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ അതിന്റെ ജനപക്ഷ പ്രതിബദ്ധത ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നുമുണ്ട്. എന്നാൽ മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര സർക്കാരും വലിയ പങ്ക് വഹിച്ചതുമില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന് അൺലോക് പ്രഖ്യാപിക്കേണ്ടിവന്നത്.


അതിന്റെ ഫലമായി രാജ്യം പഴയ സ്ഥിതിയിലെത്തിക്കഴിഞ്ഞു. എന്നാൽ രോഗനിരക്ക് പല സംസ്ഥാനങ്ങളിലും കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. ഇതിനിടയിലാണ് ആശാസ്യമല്ലാത്ത ചില പ്രവണതകൾ പുറത്തു വന്നിരിക്കുന്നത്. അത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരങ്ങളെ തുടർന്ന് രോഗബാധയുണ്ടാകുന്ന സ്ഥിതിവിശേഷമാണ്. സമര കേന്ദ്രങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസുകാർക്കും രോഗബാധയുണ്ടായി. സമരക്കാർക്കും രോഗബാധയുണ്ടായെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. എന്തായാലും ജാഗ്രതയും കരുതലും കൈവെടിയാതിരിക്കുകയെന്നത് തന്നെയാണ് രോഗബാധയിൽ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി. 


കുടുംബാംഗങ്ങൾക്ക് രോഗബാധയുണ്ടായതിനെ തുടർന്ന് ക്വാറന്റൈനിൽ പോകേണ്ടവർ പോലും അക്കാര്യം മറച്ചുവെക്കുന്ന സ്ഥിതി പോലുമുണ്ടായി. ജാഗ്രതയുള്ള ഒരു സമൂഹത്തെയല്ല ഈ സമരക്കാർ പ്രതിനിധീകരിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ രോഗവ്യാപനത്തിന് കാരണമാകുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കേണ്ടതുണ്ട്. ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കുവാൻ എല്ലാവരിൽ നിന്നും നിതാന്ത ജാഗ്രതയുണ്ടാകണമെന്നാണ് സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്. ആവശ്യമായ മുഴുവൻ പേർക്കും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെങ്കിലും കൈവിട്ടു പോയാൽ അവയും നിഷ്ഫലമായിപ്പോകുന്ന സ്ഥിതിയുണ്ടാവും. അതുകൊണ്ട് രോഗബാധിതരോ രോഗവാഹകരോ ആകാതിരിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ ഓരോ വ്യക്തിയും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Latest News