മിനിമം വേതനം 5,000 റിയാൽ മുതൽ 7,000 റിയാൽ വരെ
റിയാദ് - സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി തൊഴിലുകൾ സൗദിവൽക്കരിക്കാൻ തീരുമാനം. മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. സ്വദേശി യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
കമ്മ്യൂണിക്കേഷൻസ് എൻജിനീയറിംഗ്-ഐ.ടി, ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്-പ്രോഗ്രാമിംഗ്-അനാലിസിസ്, ടെക്‌നിക്കൽ സപ്പോർട്ട്-കമ്മ്യൂണിക്കേഷൻസ് ടെക്‌നിക്കൽ തസ്തികകൾ എന്നീ തൊഴിലുകളിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. കമ്മ്യൂണിക്കേഷൻസ്, ഐ.ടി മേഖലയിൽ സ്വദേശികൾക്ക് 9,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഈ മേഖലയിൽ വളർച്ച പ്രോത്സാഹിപ്പിക്കാനുമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആഗ്രഹിക്കുന്നത്. കമ്മ്യൂണിക്കേഷൻസ്, ഐ.ടി മേഖലയിൽ സ്‌പെഷ്യലിസ്റ്റ് തൊഴിലുകളിൽ സൗദികളുടെ മിനിമം വേതനം 7,000 റിയാലായും ടെക്‌നിക്കൽ തൊഴിലുകളിൽ സ്വദേശികളുടെ കുറഞ്ഞ വേതനം 5,000 റിയാലും ആയി നിശ്ചയിച്ചിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച സൗദിവൽക്കരണ തീരുമാനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കമ്മ്യൂണിക്കേഷൻസ്, ഐ.ടി മേഖലാ തൊഴിലുകൾ സൗദിവൽക്കരിക്കുന്ന പദ്ധതി നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സും ഒപ്പുവെച്ച കരാറിന്റെ തുടർച്ചയുമാണിത്. കമ്മ്യൂണിക്കേഷൻസ്, ഐ.ടി കോഴ്‌സുകൾ പഠിച്ച് പുറത്തിറങ്ങുന്ന സൗദി യുവതീയുവാക്കൾക്ക് സ്വകാര്യ മേഖലയിൽ അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ആകർഷകമായ തൊഴിൽ സാഹചര്യം ഒരുക്കാനും തന്ത്രപ്രധാന തൊഴിലുകളിൽ സൗദികളുടെ സാന്നിധ്യം വർധിപ്പിക്കാനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയിൽ കമ്മ്യൂണിക്കേഷൻസ് തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള തീരുമാനം നൈപുണ്യമുള്ള സ്വദേശി യുവതീയുവാക്കൾക്കു മുന്നിൽ അവസരങ്ങളുടെ കവാടങ്ങൾ തുറക്കുമെന്ന് കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി അബ്ദുല്ല അൽസവാഹ പറഞ്ഞു.
ഈ വർഷം രണ്ടാം പാദത്തിൽ സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി വർധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഈ വർഷം ഒന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമായിരുന്നു. കൊറോണ പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് രണ്ടാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർധിക്കാൻ ഇടയാക്കിയത്.
രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശി പുരുഷന്മാർക്കിടയിൽ 8.1 ശതമാനവും വനിതകൾക്കിടയിൽ 31.4 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. സ്വദേശികളും വിദേശികളും അടക്കം ആകെ ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനമായി വർധിച്ചു.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രണ്ടു മാസം മുമ്പു മുതൽ പുതുതായി ഒമ്പതു മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയിരുന്നു. തേയില-കാപ്പി-തേൻ, പഞ്ചസാര-മസാലകൾ, മിനറൽ വാട്ടർ-പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി ഉൽപന്നങ്ങൾ-വിദ്യാർഥി സേവനം, പ്രസന്റേഷൻ-ആക്‌സസറീസ്-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, ഗെയിമുകൾ-കളിക്കോപ്പുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ എണ്ണകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക്-സോപ്പ് എന്നിവ വിൽക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് 70 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയത്.