ലണ്ടന്‍- സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ ടാക്‌സി ആപ്പായ ഓല ലണ്ടന്റെ ഗതാഗതവകുപ്പായ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍(ടിഎഫ്എല്‍) നിരോധിച്ചു. ഫെബ്രുവരി മുതലാണ് ഓല ടാക്‌സി സര്‍വീസ് ലണ്ടനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാരെ ഉപയോഗിച്ച് ആയിരത്തിലധികം സര്‍വീസുകള്‍ നടത്തിയത് ഉള്‍പ്പെടെ നിരവധി വീഴ്ചകള്‍ സ്ഥാപനം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ടിഎഫ്എല്‍ അറിയിച്ചു. നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഇതിന് 21 ദിവസത്തെ സമയമുണ്ടെന്നും കമ്പനി വ്യക്തമാക്കി. അപ്പീല്‍ ചട്ടങ്ങളനുസരിച്ച് ഈ കാലയളവില്‍ സര്‍വീസ് തുടരാനാകുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. വീഴ്ചകള്‍ അറിഞ്ഞയുടനെ കമ്പനി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ടിഎഫ്എല്‍ ചൂണ്ടിക്കാട്ടി.
ആയിരത്തിലധികം യാത്രകള്‍ക്കായി അംഗീകാരമില്ലാത്ത ഡ്രൈവര്‍മാരെയും വാഹനങ്ങളെയും ഉപയോഗിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇത് യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാമെന്നും ടിഎഫ്എല്‍ ഡയറക്ടര്‍ ഹെലെന്‍ ചാപ്മാന്‍ പ്രതികിരിച്ചു. എന്നാല്‍ അപ്പീല്‍ നല്‍കിയാല്‍ ഓലയുടെ പ്രവര്‍ത്തനം തുടരാമെന്നും കമ്പനിയുടെ പേരില്‍ ലഭിക്കുന്ന ഓട്ടങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ഏറ്റെടുക്കാമെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. 2018ല്‍ കാര്‍ഡിഫിലാണ് ഓല ടാക്‌സികള്‍ ഓടിത്തുടങ്ങിയത്. പിന്നീട് യുകെയുടെ പലഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.