ന്യൂദല്‍ഹി- ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കാതെ പാതിരാവില്‍ പോലീസ് സംസ്‌ക്കരിച്ച നടപടിയെ ന്യായീകരിച്ച് യുപി സര്‍ക്കാര്‍. ദല്‍ഹിയില്‍ നിന്നെത്തിച്ച് പുലര്‍ച്ചെ 2.30നു തന്നെ പോലീസ് സംസ്‌ക്കരിച്ചത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വരുന്നതിനാല്‍ പകല്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടായിരുന്നുവെന്നും യുപി സര്‍ക്കാര്‍ കോടിതിയില്‍ പറഞ്ഞു. സെപ്തംബര്‍ 29നു രാവിലെ മുതല്‍ ഹാഥ്‌റസ് ജില്ലാ ഭരണകൂടത്തിന് നരവധി ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. പെണ്‍കുട്ടി മരിച്ച ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രി പരിസരത്തു നടന്ന ധര്‍ണ മുന്‍നിര്‍ത്തി ഇതു ചൂഷണം ചെയ്ത് സംഭവത്തിനു ജാതി/വര്‍ഗീയ നിറം നല്‍കാന്‍ സാധ്യതയുണ്ടെന്നായിരുന്നു രഹസ്യ വിവരമെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന വാദം സുപ്രീം കോടതിയിലും യുപി സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഹാഥ്‌റസ് സംഭവത്തില്‍ സിബിഐയുടെയും പ്രത്യേക അന്വേഷണ സംഘത്തിന്റേയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.