മഥുര- ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മാധ്യമപ്രവര്‍ത്തകനടക്കം നാലു പേരെ യുപി പോലീസ് മഥുരയില്‍ കസ്റ്റഡിയിലെടുത്തു. ദല്‍ഹിയില്‍ നിന്നു കാറില്‍ ഹാഥ്‌റസിലേക്ക് വരികയായിരുന്ന അതിഖുര്‍ റഹ്മാന്‍, സിദ്ദീഖ്, മസൂദ് അഹമദ്, ആലം എന്നിവരേയാണ് പോലീസ് പിടികൂടിയത്. മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് ഹാഥ്‌റസ് സംഭവത്തെ കുറിച്ച് എഴുതുന്നതിനായി കുടുംബത്തെ കാണാന്‍ വരികയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ നാലു പേര്‍ ഹാഥ്‌റസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളതായി നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സിദ്ദീഖ് വക്കീല്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു.
ഹാഥ്‌റസ് പീഡനക്കൊലയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശക്തമായാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം പലയിടത്തും പ്രതിഷേധക്കാര്‍ക്കെതിരെ കലാപത്തിന് കേസെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ സമരത്തെ കൈകാര്യം ചെയ്ത രീതിയിലാണ് ഈ പ്രതിഷേധവും യോഗി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. പൗരത്വ പ്രക്ഷോഭത്തിനു പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു യോഗിയുടെ ആരോപണം. ഹാഥ്‌റസ് പ്രതിഷേധങ്ങളേയും കലാപ ശ്രമമായി ചിത്രീകരിച്ചാണ് പലയിടത്തും ഇപ്പോള്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ പ്രതിഷേധത്തിനു പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നു വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്.