ന്യൂദല്‍ഹി- ഗുജറാത്തില്‍ 2002 മാര്‍ച്ചില്‍ നടന്ന മുസ്്‌ലിം വിരുദ്ധ കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച വകുപ്പ് നടപടികള്‍ അറിയിക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിചാരണ കോടതി വിട്ടയക്കുകയും മുംബൈ ഹൈക്കോടതി ശിക്ഷ വിധിക്കുകയും ചെയ്ത പോലീസുകാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ഇവര്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഇതിനായി നാലാഴ്ചയാണ് സമയം അനുവദിച്ചത്. അനുവദിച്ച നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് ബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് പുതിയ ഹരജി നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2002 മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഉത്തരവ് കഴിഞ്ഞ മേയ് നാലിന് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു. അഞ്ച് പോലീസുകാരേയും രണ്ട് ഡോക്ടര്‍മാരേയും വെറുതെ വിട്ട നടപടി റദ്ദാക്കി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്.
നര്‍പാത് സിംഗ്, ഇദ്‌രീസ് സയ്യിദ്, ബികഭായ് പട്ടേല്‍, രാംസിംഗ് ഭാഭോര്‍, സോംഭായി ഗോരി, അരുണ്‍ കുമാര്‍ പ്രസാദ് (ഡോക്ടര്‍), സംഗീത കുമാര്‍ പ്രസാദ് (ഡോക്ടര്‍) എന്നിവരെയാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഹൈക്കോടതി ശിക്ഷിച്ചത്.
2008 ല്‍ പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചവരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യ കുറ്റവാളികളായ മൂന്ന് പേരുടെ ജീവപര്യന്തം ശിക്ഷ വധശിക്ഷയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐയും ഹരജി നല്‍കിയിരുന്നു. ഗോധ്ര ട്രെയിന്‍ തീവെപ്പിനുശേഷം കലാപം ആരംഭിച്ച ജനക്കൂട്ടം അഹമ്മദാബാദിനുസമീപം രന്ദിക്പൂര്‍ ഗ്രാമത്തിലാണ് 19 കാരി ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തെ ആക്രമിച്ച് ഏഴു പേരെ കൊലപ്പെടുത്തുകയും അവരെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കീസ് ബാനു. കുടുംബത്തിലെ ആറു പേര്‍ അക്രമികളില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. കേസില്‍ അഹമ്മദാബാദില്‍ ആരംഭിച്ച വിചാരണ ബില്‍ക്കീസ് ബാനു സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് 2004 ഓഗസ്റ്റില്‍ മുംബൈയിലേക്ക് മാറ്റിയിരുന്നത്.