ബുലന്ദ്ഷര്‍, യു.പി- ഹാഥ്‌റസ് സംഭവത്തില്‍ പ്രതികളുടെ തലയ്ക്ക് വിലയിട്ട കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുപി പോലീസാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്. ബുലന്ദ്ഷറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് അറസ്റ്റിലായത്. ഹാഥ്‌റസ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു മാലിക്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഉണ്ടായ ലാത്തി ചാര്‍ജില്‍ നിസാം മാലിക്കിന് പരിക്കേറ്റിരുന്നു. പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.'കൂട്ടബലാത്സംഗം ചെയ്ത ക്രൂരന്മാരെ തൂക്കിലേറ്റണം. എന്റെ സമുദായത്തിനുവേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്, പ്രതികളുടെ തല ആരാണോ അറുത്തെടുത്ത് കൊണ്ടുവരുന്നത്, അവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കും.' എന്നായിരുന്നു നിസാം മാലിക്കിന്റെ പ്രഖ്യാപനം. വിദ്വേഷം പടര്‍ത്തിയതിന് സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.