ഹാഥ്‌റസ് കുടുംബത്തെ സന്ദര്‍ശിച്ച ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരെ കേസ്

ഹാഥ്‌റസ്- കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും പേരറിയാത്ത മറ്റു 400 പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ ചാര്‍ത്തി യുപി പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസ്. ദളിത് യുവജനങ്ങളെ സംഘടിപ്പിച്ച് ഹഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ബൂല്‍ഗഢി ഗ്രാമത്തിലേക്ക് കഴിഞ്ഞ ദിവസം ആസാദ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് 20 കിലോമീറ്റര്‍ അകലെ വഴിയില്‍ പോലീസ് തടഞ്ഞെങ്കിലും പ്രതിഷേധം ശക്തമായതോടെ ആസാദിനേയും ഏതാനും പേരേയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ അനുവദിച്ചു. ഇവിടെ നിന്ന് ആസാദും സംഘവും കാല്‍നടയായാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. 

ഹാഥ്‌റസ് പീഡനക്കൊല വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സമയബന്ധിതമായ അന്വേഷിക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം സമയം പാഴാക്കലാണെന്നും നീതി വൈകിപ്പിക്കുമെന്നും ആസാദ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
 

Latest News