പട്‌ന- നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണം നടക്കുന്ന ബിഹാറില്‍ ആര്‍ജെഡി വിട്ട ദളിത് നേതാവ് ശക്തി കുമാര്‍ മാലികിനെ മൂന്ന് പേരടങ്ങുന്ന അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വി പ്രസാദ് യാദവിനെതിരെ പോലീസ് കേസെടുത്തു. പൂര്‍ണിയ ജില്ലയിലെ വീട്ടില്‍ ഞായറാഴ്ചയാണ് ശക്തി കുമാര്‍ മാലിക് (40) കൊല്ലപ്പെട്ടത്. റാണിഗഞ്ച് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു മലിക്. ഇദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി, മുന്‍ ആരോഗ്യ മന്ത്രി തേജ് പ്രതാപ് യാദവ്, ആര്‍ജെഡി നേതാവും എല്‍ജെപി സ്ഥാപകന്‍ റാംവിലാസ് പാസ്വാന്റെ മരുമകനുമായ അനില്‍ കുമാര്‍ സദ്ധു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ആര്‍ജെഡിയുടെ ദളിത് സെല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ശക്തി കുമാര്‍ മലിക് പാര്‍ട്ടിക്ക് 50 ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിക്കുകയും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതു കാരണമാണ് കൊല്ലപ്പെട്ടതെന്ന് ഭാര്യ ആരോപിക്കുന്നു. തേജസ്വിയും തേജും അനില്‍ കുമാര്‍ സദ്ദുവും ചേര്‍ന്ന് മലികിനെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. പാര്‍ട്ടി ഫണ്ടിലേക്ക് 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് തേജസ്വിയും തേജും സ്ദ്ദുവും ഭീഷണിപ്പെടുത്തിയെന്ന് ശക്തി കുമാര്‍ മലിക് പറയുന്ന വിഡിയോയും കുടുംബം പുറത്തു വിട്ടു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും സംഭവത്തില്‍ നേതാക്കള്‍ക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരിക്കാമെന്നും ആര്‍ജെഡി വക്താവ് മൃത്യുജ്ഞയ് തെവാരി പറഞ്ഞു.