Sorry, you need to enable JavaScript to visit this website.

ഹാഥ്‌റസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപോര്‍ട്ട് തള്ളി വിദഗ്ധര്‍; സാംപിള്‍ ശേഖരിച്ചത് 11 ദിവസത്തിനു ശേഷം

അലിഗഢ്- ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗംത്തിനും ക്രൂരമര്‍ദനത്തിനുമിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന ഫോറന്‍സിക് ലാബ് റിപോര്‍ട്ടില്‍ അപാകതയെന്ന് ആരോഗ്യ രംഗത്തെ വിഗദഗ്ധര്‍. പെണ്‍കുട്ടി പീഡനത്തിന് ഇരയായി 11 ദിവസങ്ങള്‍ക്കു ശേഷമാണ് പരിശോധനയ്ക്കായി സാംപിള്‍ എടുത്തതെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട് കണക്കിലെടുക്കാനാവില്ലെന്നും അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക് വ്യക്തമാക്കി. ഗുരുതര പരിക്കുകളോടെ 19കാരിയായ പെണ്‍കുട്ടി രണ്ടാഴ്ച ചികിത്സയില്‍ കഴിഞ്ഞിരുന്നത് അലിഗഢ് മുസ്ലിം സര്‍വകലാശാലയ്ക്കു കീഴിലുള്ള ഈ മെഡിക്കല്‍ കൊളെജിലായിരുന്നു. ഫോറന്‍സിക് തെളിവുകള്‍ സംഭവം നടന്ന് 96 മണിക്കൂറിനുള്ളില്‍ മാത്രമെ ലഭിക്കൂവെന്ന് സര്‍ക്കാരിന്റെ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

സെപ്തംബര്‍ 14നാണ് ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാലു യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. ഗുരുതരാവസ്ഥയില്‍ അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ജവഹര്‍ ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 22നാണ് ബോധം വീണ്ടെടുത്തത്. ഇതിനു ശേഷമാണ് പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തിയത്. ഇതു പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ ബലാത്സംഗം അടക്കമുള്ള വിവിധ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പരിശോധനയ്ക്കായി സെപ്തംബര്‍ 25ന്, അതായത് സംഭവം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷം, സാംപിളുകള്‍ ശേഖരിച്ചത്. ഇവ പരിശോധിച്ചതിനു ശേഷം പുറത്തു വന്ന ഫോറന്‍സിക് ലാബ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ബലാത്സംഗംത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് വാദിക്കുന്നത്.  

ഈ ഫോറന്‍സിക് ലാബ് റിപോര്‍ട്ട്  മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ 22ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായി വൈദ്യപരിശോധനാ റിപോര്‍ട്ടില്‍ ലൈംഗിക അതിക്രമം നടന്നതായി വ്യക്തമാക്കുന്നുണ്ട്. പെണ്‍കുട്ടി നല്‍കിയ മൊഴികളിലും ഇതു വ്യക്തമായിരുന്നു. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സന്ദീപ്, രാമു, ലവ കുശ്, രവി എന്നിവരാണ് അക്രമിച്ചതെന്നും പെണ്‍കുട്ടി പരാമര്‍ശിച്ചിരുന്നു.
 

Latest News