ബംഗളുരു- കര്‍ണാകടയിലെ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയുമായി ഡി.കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ സംഘം റെയ്ഡ് നടത്തുന്നു. ബംഗളുരു, മുംബൈ എന്നിവടങ്ങില്‍ ഉള്‍പ്പെടെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ്. അഴിമതി അരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. കഴിഞ്ഞ വര്‍ഷം ഇഡിയും ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരം സത്യസന്ധമല്ലാത്ത ശ്രമങ്ങളിലൂടെയും ബിജെപിക്കു വേണ്ടി പണിയെടുക്കുന്ന സിബിഐ-ഇഡി-ഇന്‍കം ടാക്‌സ് എന്നിവരെ ഉപയോഗിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് മോഡി, യെഡ്യൂരപ്പ സര്‍ക്കാരുകള്‍ അറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു.