കലാപത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനുശ്രമം- യോഗി ആദിത്യനാഥ്

ലഖ്‌നൗ- സംസ്ഥാനത്ത് വികസനം ഇഷ്ടപ്പെടാത്തവരാണ് വര്‍ഗീയ, സാമുദായിക കലാപങ്ങള്‍ ഇളക്കിവിടുന്നതെന്ന് യു.പി മുഖ്യമന്ത്രി ആദിത്യനാഥ്. കലാപങ്ങള്‍ക്ക് മറവില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് അവര്‍ കരുതുന്നതെന്ന് ഹത്രസ് സംഭവത്തിനുശേഷം യു.പിയില്‍ പടരുന്ന പ്രതിഷേധത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

മണ്ഡലം, സെക്ടര്‍ തലങ്ങളില്‍  ബി.ജെ.പി നേതാക്കളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു യോഗി.

ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ പോലും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും പുതിയ ഉത്തര്‍പ്രദേശില്‍ സംഭാഷണം മാത്രമാണ് പരിഹാരമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്ത്രീകളുമായും പട്ടികജാതി, വര്‍ഗക്കാരുമായും ബന്ധപ്പെട്ട കേസുകളില്‍ പോലീസ് സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹത്രസ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അമ്മമാരുടേയും സഹോദരിമാരുടേയും അഭിമാനം സംരക്ഷിക്കുമെന്നും അവര്‍ക്ക് സുരക്ഷയൊരുക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

 

Latest News