ന്യൂദല്‍ഹി- രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച നയത്തില്‍ ഭേദഗതി വരുത്തണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കു രാജ്യസ്‌നേഹമില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. തിയേറ്ററുകളില്‍ പോകുന്നത് വിനോദത്തിനായാണ്. പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കാതിരിക്കാനാണ്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ സദാചാര പോലീസ് ചമയാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയില്‍ പലതരത്തിലും വിശ്വാസത്തിലുമുള്ളവരാണ് വസിക്കുന്നതെന്നും അവരില്‍ ഒത്തൊരുമ കൊണ്ടുവരാന്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു. എന്നാല്‍ 2016 ഡിസംബര്‍ ഒന്നിന് ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്തുമെന്ന് കോടതി വ്യക്തമാക്കി. ശ്യാം നാരായണന്‍ എന്നയാള്‍സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി അന്ന് ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നത്.