ന്യൂദൽഹി- യു.പിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചു. ഇന്ന് രാത്രി ഏഴുമണിയോടെയാണ് ഇരുവരും ഹത്രസിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. രാഹുലിനൊപ്പം കോൺഗ്രസിന്റെ അഞ്ചു നേതാക്കളുമുണ്ടായിരുന്നു. വീട്ടിലെത്തിയ പ്രിയങ്ക കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ ആലിംഗനം ചെയ്തു. ഒരു കാരണവശാലും യു.പിയിലേക്ക് പോകാൻ ്അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥിന്റെ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് ഇരുവരും ഹത്രാസിലെത്തിയത്.
സാരഥിയായി പ്രിയങ്ക
ഒരിക്കൽ തടഞ്ഞു തിരിച്ചു വിട്ട യോഗി ആദിത്യനാഥ് സർക്കാരിന്റെ പോലീസിനെ വീണ്ടും മറികടക്കാൻ ഇറങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്ക് സാരഥിയായത് സഹോദരി പ്രിയങ്ക ഗാന്ധി. കോൺഗ്രസ് എംപിമാർ അടക്കമുള്ള വലിയ സംഘവുമായി ഡൽഹിയിൽ നിന്ന് യുപി അതിർത്തിയിലേക്ക് കുതിക്കുമ്പോൾ രാഹുലും മറ്റു രണ്ട് എംപിമാരും ഇരുന്ന കാർ ഓടിച്ചത് പ്രിയങ്കയാണ്. വെള്ള നിറത്തിലുള്ള ഇന്നോവ കാർ ഡൽഹി-യുപി അതിർത്തിയിൽ എത്തുമ്പോൾ പ്രതിരോധം തീർത്ത് യുപി സർക്കാരിന്റെ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
അതിനിടെ കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി സ്ഥലത്തേക്കെത്തിയതോടെ പ്രിയങ്കയ്ക്കു കാറുമായി മുന്നോട്ടു നീങ്ങാനായില്ല. തുടർന്ന് രാഹുലും പ്രിയങ്കയും പുറത്തിറങ്ങി പ്രവർത്തകരോട് സംസാരിച്ചു. അതിനിടെ ഡൽഹി-യുപി അതിർത്തിയിൽ കോൺഗ്രസ് പ്രവർത്തകരെ പിരിച്ച് വിടാൻ പോലീസ് ലാത്തി വീശിയപ്പോൾ സ്വയം കവചമായി നിന്ന് രക്ഷിക്കുന്ന പ്രിയങ്കയുടെ ദൃശ്യവും പിന്നീട് പുറത്തു വന്നു. പോലീസ് ലാത്തി വീശി അടിക്കാനാഞ്ഞാപ്പോൾ പ്രവർത്തകന്റെ മുന്നിൽ കവചമായി പ്രീയങ്ക നിലയുറപ്പിച്ചു.
ഒടുവിൽ പ്രിയങ്കയും രാഹുലും അടക്കം അഞ്ച് എംപിമാർക്ക് ഹത്രാസിലേക്ക് പോകാൻ അനുമതി ലഭിച്ചു. അപ്പോഴും കാറോടിച്ചത് പ്രിയങ്ക ആയിരുന്നു. രാഹുലിനെ അരുകിലിരുത്തി പ്രിയങ്ക കാറോടിക്കുന്ന വീഡിയോ ട്വിറ്ററിൽ ഉൾപ്പടെ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയും ചെയ്തു.
ഹത്രാസ് സംഭവത്തിൽ തുടക്കം മുതൽ പ്രിയങ്ക ശക്തമായ പ്രതിഷേധവുമായി മുൻനിരയിലുണ്ടായിരുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതും പ്രിയങ്കയാണ്. പെൺകുട്ടിയുടെ മൃതദേഹം തിടുക്കത്തിൽ ദഹിപ്പിച്ച യുപി പോലീസിന്റെ നടപടിയെ അവളും മരണത്തിൽ പോലും മനുഷ്യാവകാശം ലംഘിച്ചു എന്നാണ് പ്രിയങ്ക വിമർശിച്ചത്.