മുംബൈ- നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് വെളിപ്പെടുത്തല്‍. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ അംഗമായ ഡോ. സുധീര്‍ ഗുപ്തയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് . സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂര്‍ണമായും ഇല്ലാതായെന്നും സുധീര്‍ ഗുപ്ത പറഞ്ഞു.
സെപ്റ്റംബര്‍ 29നാണ് എയിംസിലെ ഡോക്ടര്‍മാരുടെ സമിതി വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് സമര്‍പ്പിച്ചത്. നേരത്തെ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയുടെ കണ്ടെത്തലുകള്‍ക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടമാരുടെ റിപ്പോര്‍ട്ടും. ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ, സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു. സുശാന്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഉറപ്പാണെന്നും ചിത്രങ്ങള്‍ പരിശോധിച്ച എയിംസിലെ ഡോക്ടര്‍ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അഭിഭാഷകനായ വികാസ് സിങ് പറഞ്ഞു. എന്നാല്‍ വികാസ് സിങ്ങിന്റെ വാദങ്ങള്‍ തെറ്റാണെന്നായിരുന്നു ഡോ. സുധീര്‍ ഗുപ്തയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചിത്രങ്ങളില്‍ ചില അടയാളങ്ങളെ അടിസ്ഥാനമാക്കി കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് ഉറപ്പിക്കാനാവില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സുധീര്‍ ഗുപ്ത പറഞ്ഞു.
നടന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും സി.ബി.ഐ. അന്വേഷണം തുടരുകയെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് സി.ബി.ഐ. സംഘം അന്വേഷിക്കും. അതേസമയം, കൊലപാതകമാണെന്നതിന് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ കൊലപാതകക്കുറ്റം അടക്കം ചുമത്തുമെന്നും സി.ബി.ഐ. വൃത്തങ്ങള്‍ പറയുന്നു.എന്നാല്‍ കേസ് ഏറ്റെടുത്ത് 57 ദിവസം പിന്നിട്ടിട്ടും ഇത്തരത്തിലുള്ള ഒരു തെളിവുകളും സി.ബി.ഐ.ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ നിലവിലെ ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സി യുക്തിപരമായ നിഗമനത്തിലെത്തുമെന്നും സൂചനയുണ്ട്.
സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെയാണ് എയിംസിലെ ഡോക്ടര്‍മാരുടെ സംഘവും വിശദമായ പരിശോധന നടത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ടും എയിംസിലെ ഡോക്ടര്‍മാര്‍ വീണ്ടും വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനൊപ്പം നടന്റെ ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കുകളും ഫൊറന്‍സിക് ഏജന്‍സികളും പരിശോധിച്ചു.