Sorry, you need to enable JavaScript to visit this website.

റോത്താംഗിലെ അടല്‍ തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഷിംല-രാജ്യത്തിന്റെ അഭിമാന പദ്ധതിയായ റോത്താംഗിലെ അടല്‍ തുരങ്കം ഇനി രാജ്യത്തിന് സ്വന്തം. അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. മണാലിലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം.
സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ പര്‍വതം തുരന്ന് 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയാണ് അടല്‍ ടണലിനെ വ്യത്യസ്തമാക്കുന്നത്. ലഭ്യമായ എല്ലാ ആധുനിക സുരക്ഷ, സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണു ഹിമാലയത്തിലെ പിര്‍ പഞ്ജല്‍ റേഞ്ചില്‍ തുരങ്കം പൂര്‍ത്തിയാക്കിയത്. കുതിരലാടത്തിന്റെ ആകൃതിയിലുള്ള സിംഗിള്‍ട്യൂബ് ഡബിള്‍ ലെയിന്‍ ടണലാണിത്. 8 മീറ്ററാണു റോഡ്വേ. 5.525 മീറ്റര്‍ ഓവര്‍ഹെഡ് ക്ലിയറന്‍സുണ്ട്. പ്രതിദിനം 3000 കാറുകള്‍ക്കും 1500 ട്രക്കുകള്‍ക്കും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. ഓരോ 150 മീറ്ററിലും ടെലഫോണ്‍ സൗകര്യം, ഓരോ 60 മീറ്ററിലും ഫയര്‍ ഹൈഡ്രന്റ്, ഓരോ 500 മീറ്ററിലും എമര്‍ജന്‍സി എക്‌സിറ്റ്, ഓരോ കിലോമീറ്ററിലും വായുവിന്റെ ഗുണനിലവാര നിരീക്ഷണം, ഓരോ 250 മീറ്ററിലും സിസിടിവി ക്യാമറകളുള്ള ഓട്ടമാറ്റിക് ഡിറ്റക്ഷന്‍ സംവിധാനം തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.
സൈനിക നീക്കത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന ടണല്‍ മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററോളം കുറവുണ്ടാക്കും. മണാലിയില്‍നിന്ന് നിലവില്‍ അഞ്ച് മണിക്കൂറോളം വേണ്ട, ലഹൗളിലേക്കും സ്പിതി വാലിയിലേക്കുമുള്ള യാത്രയ്ക്ക് ഇനി 10 മിനിറ്റ് മതിയാകും. തുരങ്കം യാഥാര്‍ത്ത്യമായതോടെ കശ്മീരിലെ തന്ത്രപ്രധാന മേഖലയായ ലഡാക്കിലേക്കുള്ള സൈനീക നീക്കങ്ങള്‍ക്ക് കൂടുതല്‍ ?ഗുണകരമാകും.
 

Latest News