Sorry, you need to enable JavaScript to visit this website.

റോഹിംഗ്യൻ അഭയാർത്ഥികൾ മ്യാൻമറിൽ തിരിച്ചെത്തിയാലും രക്ഷയില്ല; ഭൂമി നൽകില്ല, കൃഷി സർക്കാർ വിളവെടുക്കുന്നു

സിറ്റ്‌വെ (മ്യാൻമർ) - ഭരണകൂടത്തിന്റേയും ബുദ്ധിസ്റ്റുകളുടേയും കടുത്ത അതിക്രമങ്ങളേയും വംശീയ ഉന്മൂലന നടപടികളേയും തുടർന്ന് മ്യാൻമറിൽ നിന്ന് രക്ഷപ്പെട്ടോടിയ റോഹിംഗ്യൻ മുസ്ലിംകൾ തിരിച്ചെത്തിയാൽ  സ്വത്തും കൃഷിയും നഷ്ടമായേക്കും. തങ്ങളുടെ ഭൂമിക്കുമേൽ ഇവർക്ക് അവകാശവാദമുന്നയിക്കാൻ കഴിയാത്ത രീതിയിലാണ് പുനരധിവാസ പദ്ധതികൾ മ്യാൻമർ സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

ആറു ലക്ഷത്തോളം അഭയാർത്ഥികളാണ് അയൽരാജ്യമായ ബംഗ്ലദേശിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്. റോഹിംഗ്യകളെ തിരിച്ചെത്തിച്ച് പുനരധിവസിപ്പിക്കാനുള്ള പദ്ധതി മ്യാൻമർ സർക്കാർ ആസൂത്രണം ചെയ്തുവരികയാണ്. പൗരത്വ രേഖയുള്ള റോഹിംഗ്യകളെ മാത്രമെ മ്യാൻമറിലേക്ക് തിരികെ പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ പോലും ഇവരുടെ സ്വത്തിനുമേലും കൃഷിയിടത്തിനുമേലുമുള്ള ഉടമസ്ഥാവകാശം നഷ്ടമാകുന്ന തരത്തിലാണ് പുനരധിവാസ പദ്ധതി തയാറാക്കുന്നതെന്ന് മ്യാൻമർ ഉദ്യോഗസ്ഥരിൽ നിന്ന് സൂചന ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. 

പൗരത്വം തെളിയിക്കുന്ന രേഖകൾ ഉള്ളവർക്ക് മ്യാൻമറിലേക്ക് തിരിച്ചുവരാമെന്ന് മ്യാൻമർ ജനാധിപത്യ നേതാവായി അറിയപ്പെടുന്ന നേതാവ് ഓങ് സാൻ സൂചി നേരത്തെ ഉറപ്പു നൽകിയിരുന്നു. സൈന്യത്തെ നിയന്ത്രിക്കാൻ ഇവർക്ക് യാതൊരു അധികാരവുമില്ല. സൈന്യവും തദ്ദേശീയരായ ബുദ്ധിസ്റ്റ് സംഘങ്ങളും ചേർന്ന് റോഹിംഗ്യകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ വംശീയ ഉന്മൂലനമാണെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചിരുന്നു. 

തിരിച്ചെത്തിയ റോഹിംഗ്യകൾക്ക് അവരുടെ കൃഷിയിടവും വിളവുകളും നഷ്ടമായേക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇവർ കൃഷി ചെയ്ത വിളവുകളെല്ലാം കൊയ്‌തെടുത്ത് വിറ്റ് കാശാക്കാനും സർക്കാരിനു പദ്ധതിയുണ്ടെന്ന് ഈ പദ്ധതി രേഖകൾ കണ്ട റോയിട്ടേഴ്‌സ് ലേഖകർ എഴുതുന്നു.

റാഖൈനിലെ രൂക്ഷമായ വംശഹത്യയെ തുടർന്ന് 5.89 ലക്ഷം റോഹിംഗ്യ മുസ്ലിംകളും 30,000 ഇതര മതസ്ഥരുമാണ് ഇവിടെ വിട്ട് പോയത്. മ്യാൻമറിലെ വടക്കൻ സംസ്ഥാനമായ റാഖൈനിൽ ഇതോടെ 71,500 ഏക്കർ കൃഷി ഭൂമിയാണ് നാഥനില്ലാതായത്. ഈ കൃഷിയിടങ്ങളിൽ ജനുവരിയിലാണ് വിളവെടുപ്പ് നടക്കേണ്ടത്. എന്നാൽ രണ്ടു മാസത്തെ പരിമിതി സമയത്തിനുള്ളിൽ അഭയാർത്ഥികളായി പോയ എല്ലാവർക്കും മ്യാൻമർ അധികൃതരുടെ കർശന കുടിയേറ്റ പരിശോധനയും നടപടികളും പൂർത്തിയാക്കി തിരിച്ചെത്താനാവില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ഈ കൃഷിയിടങ്ങളിൽ വിളവെടുപ്പ് നടത്തി അതു വിറ്റു കാശാക്കാൻ സർക്കാർ ആലോചിക്കുന്നത്.

കാർഷിക വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഈ മാസം തന്നെ സൈനിക നിയന്ത്രണത്തിലുള്ള  പ്രദേശങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുപ്പ് തുടങ്ങും. സർക്കാർ പദ്ധതി രേഖയിൽ പറയുന്നതു പ്രകാരം 14,4000 ഏക്കർ കൃഷി ഭൂമയിലെ വിളവുകൾ കൊയ്യാൻ ഈ യന്ത്രങ്ങൾ ഉപയോഗിച്ചു കഴിയും. നെൽവയലുകൾ പൂർണമായും കൊയ്യാനാണ് പദ്ധതി. ആവശ്യമെങ്കിൽ കുടുതൽ തൊഴിലാളികളെ ഉപയോഗിക്കുമെന്നും മ്യാൻമർ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

മ്യാൻമറിൽ ഒരേക്കൾ നെൽവയലിൽ നിന്നുള്ള ശരാശരി വരുമാനം 300 യുഎസ് ഡോളറിൽ കൂടുതൽ വരും. ഈ വിപണി മൂല്യം കണക്കാക്കുമ്പോൾ അഭയാർത്ഥികൾ ഉപേക്ഷിച്ചു പോയ നെൽപ്പാടങ്ങളിൽ നിന്ന് ദശലക്ഷണക്കിന് ഡോളർ ലാഭമാണ് സർക്കാർ കൊയ്യുക. വിളവെടുത്ത് നെല്ല് സർക്കാരിന്റെ സ്‌റ്റോറുകളിലേക്ക് മാറ്റും. ഇവ സംഘർഷബാധിത മേഖലകളിൽ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യുമെന്ന് റാഖൈൻ സ്‌റ്റേറ്റ് സെക്രട്ടറി തിൻ മോങ് സ്വെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈ ഭൂമി ഉപക്ഷിക്കപ്പെട്ടു പോയതാണ്. അതുകൊണ്ടാണ് വിളവെടുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

ആട്ടിയോടിക്കപ്പെട്ടവർ, അഭയം ലഭിക്കാത്തവർ...

റോഹിംഗ്യൻ വംശജരുടെ മേഖലയായ റാഖൈനിൽ സൈന്യം വ്യാപകമായി നടത്തിയ തീവയ്പ്പിലും ആക്രമണത്തിലും എല്ലാം നഷ്ടപ്പെട്ടവരാണ് അഭയം തേടി അയൽരാജ്യമായ ബംഗ്ലദേശിലെത്തിയിട്ടുള്ളത്. ഈ ക്രൂരമായ ആക്രമണത്തിനിടെ രേഖകളും സമ്പാദ്യങ്ങളുമൊന്നും എടുക്കാതെയാണ് ഭൂരിപക്ഷം പേരും നാടുവിട്ടത്. പൗരത്വം ഇല്ലാത്തവർക്ക് ഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് റാഖൈനിലെ കൃഷി മന്ത്രി ക്യാവ് എൽവിൻ പറയുന്നു. അഭയാർത്ഥികളുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലാക്കുന്നതാണ് ഈ തീരുമാനം. സ്വന്തമായി ഭൂമിയും കൃഷിയിടവും ഉള്ള റോഹിംഗ്യകളെ തന്നെ മ്യാൻമർ പൗരന്മാരായി അംഗീകരിക്കുന്നില്ല.

തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന അഭയാർത്ഥികളിൽ പലരും മ്യാൻമർ നൽകുന്ന ഉറപ്പിൽ വിശ്വാസമില്ല. തിരിച്ചെത്തുന്നവരെ അവരുടെ നാടുകളിലേക്ക് സർക്കാർ കടത്തിവിടില്ലെന്നതാണ് കാരണം. ഇവരിൽ ഭൂരിഭാഗം പേരേയും മാതൃകാ ഗ്രാമങ്ങൾ എന്നു പേരിട്ടിരിക്കുന്ന പ്രത്യേക ക്യാമ്പുകളിലേക്കാണ് ആദ്യം മാറ്റുന്നത്. ഇത്തരം കൂടുതൽ ക്യാമ്പുകൾ സ്ഥാപിക്കാൻ മ്യാൻമറിനു താൽപര്യമില്ലെന്നാണ് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ പറയുന്നത്.
 

Latest News