അഹമ്മദാബാദ്- പാർട്ടിയിൽ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തിൽ ഗുജറാത്തിൽ ബി.ജെ.പിക്ക് അടുത്ത തിരിച്ചടി. ഒരു മാസം മുമ്പ് 150 പ്രവർത്തകരെയുമായി ബി.ജെ.പിയിൽ ചേർന്നിരുന്ന പട്ടിദാർ അനാമത് ആന്ദോളൻ സമിതി നേതാവ് നിഖിൽ സവാനി പാർട്ടി വിട്ടു. നരേന്ദ്ര പട്ടേലിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സംഭവം ഞെട്ടിച്ചുവെന്നും ബി.ജെ.പിയിൽനിന്ന് രാജിവെക്കുകയാണെന്നും നിഖിൽ സവാനി അറിയിച്ചു. ഇന്ന് രാവിലെയാണ് തന്റെ തീരുമാനം സവാനി അറിയിച്ചത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനാണ് നിഖിൽ സവാനിയുടെ തീരുമാനം. സൂററ്റിൽനിന്നുള്ള നേതാവാണ് നിഖിൽ സവാനി. രാഹുൽ ഗാന്ധി ഇന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ബി.ജെ.പിയുടെ കോഴ വാഗ്ദാനം പൊതുജനമധ്യത്തിൽ കൊണ്ടുവന്നതിനെ നിഖിൽ സവാനി അഭിനന്ദിച്ചു.
ഒരു സാധാരണ കുടുംബത്തിൽനിന്നുള്ളയാളായിട്ടും നരേന്ദ്ര പട്ടേലിന് ഒരു കോടി രൂപ സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നത് അഭിനന്ദനാർഹമാണെന്നും ബി.ജെ.പിയിൽ ചേരുന്നതിന് തനിക്ക് സാമ്പത്തിക വാഗ്ദാനങ്ങളുണ്ടായിരുന്നില്ലെന്നും നിഖിൽ അറിയിച്ചു. ബി.ജെ.പി ലോലിപ്പോപ്പുകളാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഒന്നും നടപ്പാകില്ലെന്നും നിഖിൽ പരിഹസിച്ചു.
അതേസമയം, നരേന്ദ്ര പട്ടേലിന്റെ ആരോപണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പിയിലേക്കുള്ള പട്ടേൽ സമുദായക്കാരുടെ ഒഴുക്ക് തടയുന്നതിന് വേണ്ടിയുള്ള കോൺഗ്രസ് നാടകമാണ് നടന്നതെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. ഇന്ന് നടക്കാനിരിക്കുന്ന രാഹുൽ ഗാന്ധിയുടെ റാലിയിൽ പട്ടേൽ സമുദായക്കാർ പങ്കെടുക്കില്ലെന്നുമാണ് ബി.ജെ.പിയുടെ അവകാശവാദം.
ഇന്ന് ഗാന്ധിനഗറിൽ രാഹുൽ ഗാന്ധിയുമായി ജിഗ്നേഷ് മേവാനി കൂടിക്കാഴ്ച്ച നടത്തും. പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേലുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുമെന്ന് തീരുമാനിച്ചിരുന്നു. അടുത്ത ദിവസം രാഹുലുമായി ചർച്ച നടത്തുമെന്ന് ഹർദിക് വ്യക്തമാക്കി.
ഭരണവിരുദ്ധവികാരം ശക്തമായ ഗുജറാത്തിൽ ഇരുപത് വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്താമെന്നാണ് കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ. വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള അക്രമണം ശക്തമായതോടെ ബി.ജെ.പി കനത്ത പ്രതിരോധത്തിലാണ്.