ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യ മുഴുവന്‍. പല രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ച് വരികയാണ്.
അതേസമയം, വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങള്‍ക്ക് കാരണം രാജ്യത്തെ തൊഴിലില്ലായ്മയാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് മാര്‍കണ്ഡേയ കട്ജു. ഹാത്രസ് കൂട്ട ബലാത്സംഗം എന്ന തലക്കെട്ടോടെ അദ്ദേഹം ഫേസ്ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഹാത്രസ് കൂട്ട ബലാത്സംഗത്തില്‍ അതിയായ അനുശോചനം രേഖപ്പെടുത്തുന്നു അതിനൊപ്പം കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കട്ജു തന്റെ കുറിപ്പ് തുടങ്ങുന്നത്. ലൈംഗികത പുരുഷന്മാര്‍ക്കിടയിലെ സ്വാഭാവിക പ്രേരണയാണ്. ചില സാഹചര്യങ്ങളില്‍ ഭക്ഷണത്തിന് ശേഷം മനുഷ്യന് അടുത്ത ആവശ്യമായ ഒന്നാണ് ലൈംഗികത. ഇന്ത്യയെ പോലെ യാഥാസ്ഥിതിക സമൂഹത്തില്‍ വിവാഹത്തിലൂടെ മാത്രമേ സാധാരണക്കാര്‍ക്ക് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കു.
ഇവിടെ സാധാരണഗതിയില്‍ ഒരു പെണ്‍കുട്ടിയും തൊഴിലില്ലാത്തയാളെ വിവാഹം കഴിക്കില്ല. ഇതുകാരണം പ്രായം കഴിഞ്ഞിട്ടും ധാരാളം ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ ലൈംഗിക ചോദന അടക്കുവാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നു. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മാത്രം 12 കോടി ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് കരുതുന്നു. ഇതെല്ലാം ബലാത്സംഗം വര്‍ദ്ധിക്കുന്നതിന് കാരണമെല്ലേ എന്നും കട്ജു ചോദിക്കുന്നു.താന്‍ ബലാത്സംഗങ്ങളെ ന്യായീകരിക്കുകയല്ലെന്നും അതിനെ അപലപിക്കുക തന്നെയാണെന്നും ഒരിക്കല്‍ കൂടി പറയട്ടേ. ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാനോ കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു സാമൂഹികവും വ്യവസ്ഥയും ഇന്ത്യയില്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.