ന്യുദൽഹി- ദൽഹിയിലും പരിസരപ്രദേശങ്ങളിലും 500ലേറെ വാഹനങ്ങൾ മോഷ്ടിച്ച കുപ്രസിദ്ധ കള്ളൻ കുനാലിനെ പോലീസ് പിടികൂടി. പോലീസ് വലയിലാകുന്നതിൽനിന്നും രക്ഷപ്പെടാൻ നാലു വർഷം മുമ്പ് പ്ലാസ്റ്റിക് സർജറി നടത്തി മുങ്ങി നടക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. 62 കേസുകളിൽ പിടികിട്ടാ പുള്ളിയാണ് ഇയാൾ. ദൽഹിയിലെ നെഹ്‌റു പ്ലേസിൽ നിന്നാണ് കഴിഞ്ഞയാഴ്ച കുനാലിനെ സാഹസികമായി പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്ലാസ്റ്റിക് സർജറി നടത്തി മറ്റൊരാളായി നടക്കുകയായിരുന്നെന്ന് വെളിച്ചത്തായത്. പിടിയിലാകുന്നതിന് മുമ്പ് മറ്റൊരു പ്ലാസ്റ്റിക് സർജറിക്കു കൂടി ഒരുങ്ങുകയായിരുന്നു ഇയാൾ. വാഹന മോഷണമായിരുന്നു കുനാലിന്റെ പ്രധാന തൊഴിൽ
കാമുകിമാരുടെ ചെലവുകൾ വഹിക്കാനും തനിക്കു ജീവിക്കാനുള്ള വകയും കണ്ടെത്താനായിരുന്നു കുനാൽ വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. മോഷണങ്ങളിലൂടെ ഉണ്ടാക്കിയ പണം ഉപേയാഗിച്ച് ആഡംബര ജീവിതം നയിച്ച കുനാൽ മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറഞ്ഞു. 1997ൽ വീടുകളിൽ മോഷണം നടത്തിയാണ് തുടക്കം. കുനാലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഉത്തർ പ്രദേശ് സ്വദേശികളായ രണ്ടു കൂട്ടാളികളേയും പോലീസ് പിടികൂടി. കുനാൽ മോഷ്ടിച്ച വാഹനങ്ങൾ വാങ്ങിയിരുന്ന ഇർഷാദ് അലി, മുഹമ്മദ് ശാദാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 12 കാറുകളും പോലീസ് പിടിച്ചെടുത്തു.
2012ലാണ് ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തി മുഖച്ഛായ മാറ്റി രംഗത്തിറങ്ങിയത്. തനൂജ് എന്ന പേര് മാറ്റി കുനാൽ എന്ന പേരും സ്വീകരിച്ചു. ഇതിനിടെ മറ്റൊരു കേസിൽ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായപ്പോഴാണ് പ്ലാസ്റ്റിക് സർജറിയുടെ കാര്യം പോലീസ് അറിയുന്നത്. ഈ വർഷം മാത്രം നൂറോളം കാറുകൾ മോഷ്ടിച്ചതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
മോഷ്ടിച്ച കാറുമായി മറ്റൊരു കാർ മോഷ്ടിക്കാൻ കുനാൽ എത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഒക്ടോബർ 13ന് വാഹന പരിശോധന ശക്തമാക്കി. നെഹ്‌റു പ്ലേസിലെ ഇറോസ് ഹോട്ടലിനു സമീപം പോലീസ് കൈകാണിച്ചിട്ടും കുനാൽ നിർത്താതെ പോകുകയും കുറച്ച് ദൂരം പിന്നിട്ട ശേഷം കാർ നിർത്തി ഇറങ്ങി ഓടുകയുമായിരുന്നു. പോലീസ് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഇദ്ദേഹം വന്ന കാർ ഹരിയാനയിൽ നിന്നും മോഷ്ടിച്ചതായിരുന്നു.