ശനിയാഴ്ച ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിതനായതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പ്രസ്താവന. വിശ്വസ്തനായ പാർട്ടി പ്രവർത്തകനെ മാറ്റി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് വന്നയാള്‍ക്ക് പാർട്ടി പദവി നല്‍കയതില്‍ ബി.ജെ.പിയില്‍ അമർഷമുണ്ട്. ഇക്കാര്യം ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പരസ്യമായി പറഞ്ഞിരുന്നു.
കൊൽക്കത്ത- കോവിഡ് ബാധിച്ചാല്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് അനുപം ഹസ്രക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ബി.ജെ.പിയുടെ പശ്ചിമ ബംഗാളിൽ നിന്നുള്ള ദേശീയ സെക്രട്ടറിയാണ് അനുപം. ഫേസ്ബുക്ക് പേജിൽ ഇദ്ദേഹം തന്നെയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം പോസ്റ്റുചെയ്തത്. അനുപം ഹസ്രയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
വിവാദ കോവിഡ് ആലിംഗന പ്രസ്താവനയ്ക്ക് പിന്നാലെ ഈ ആഴ്ച ആദ്യം അനുപം ഹസ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ബംഗാളിലെ ബോൾപൂരിൽ നിന്നുള്ള മുൻ തൃണമൂൽ എം.പിയായ അനുപം ഹസ്ര
2019 ജനുവരിയിലാണ് ബിജെപിയിൽ ചേർന്നത്. ഒരു ദിവസം തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത് ചെന്ന് അവരെ കെട്ടിപ്പിടിക്കുമെന്നാണ് അനുപം ഹസ്ര പറഞ്ഞിരുന്നത്. പകർച്ചവ്യാധി ബാധിച്ചവരുടെയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടേയും വേദന മമതയും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശനിയാഴ്ച ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിതനായതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദ പ്രസ്താവന. വിശ്വസ്തനായ പാർട്ടി പ്രവർത്തകനെ മാറ്റി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് വന്നയാള്‍ക്ക് പാർട്ടി പദവി നല്‍കയതില്‍ ബി.ജെ.പിയില്‍ അമർഷമുണ്ട്. ഇക്കാര്യം ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പരസ്യമായി പറഞ്ഞിരുന്നു.
സംസ്ഥാന ഭരണാധികാരിയായ ഒരു സ്ത്രീക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പോലീസില്‍ പരാതി നൽകിയിരുന്നത്. പൊതുപ്രവർത്തകയായ സ്ത്രീയെ അപകീർത്തിപ്പെടുത്തുക വഴി ഭരണഘടനാ ലംഘനം നടത്തിയതിനാണ് ഹസ്രക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഡാർജിലിംഗ് ജില്ലയിലെ സിലിഗുരി പോലീസ് സ്റ്റേഷനിലാണ് കേസ്.
ബംഗാളിലെ ബി.ജെ.പി നേതാക്കൾ ഹസ്രയുടെ വിവാദ അഭിപ്രായത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവർ സംസാരിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കണമെന്നാണ് ബി.ജെ.പിയുടെ പുതുതായി നിയമിതനായ വൈസ് പ്രസിഡന്‍റ് മുകുൾ റോയ് പ്രതികരിച്ചത്.
പശ്ചിമ ബംഗാളിൽ ഇതുവരെ 2.6 ലക്ഷത്തിലധികം പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും 5,017 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.