വാഷിങ്ടണ്‍- വൈറ്റ് ഹൗസ് ഉപദേശക ഹോപ് ഹിക്ക്‌സിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരോട് സമ്പര്‍ക്കം പുലര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിലായി. കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപിന്റെ അവസാനഘട്ട പൊതുപരിപാടികള്‍ക്ക് ചൂടുപിടിക്കുന്നതിനിടെ ഈ ക്വാറന്റീന്‍ ട്രംപിന് തിരിച്ചടിയാണ്. തന്റെ ഏറ്റവുമടുത്ത ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്ക്‌സിന് കോവിഡ് സ്ഥിരീകരിച്ചതായി ട്രംപ് ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവര്‍ വളരെ കൂടുതല്‍ മാസ്‌ക് ധരിക്കുന്നയാളായിരുന്നു. എന്നിട്ടും കോവിഡ് പിടിപെട്ടെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചരണ പരിപാടികള്‍ തുടരുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍ ഒരു റാലിയടക്കം നിരവധി പരിപാടികള്‍ നടക്കാനിരിക്കെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് ക്വാറന്റീനിലാകുന്നത്. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദേശം അനുസരിച്ച് കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ 14 ദിവസം ഹോം ഐസൊലേഷന്‍ വേണമെന്നാണ് ചട്ടം.