ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ ദളിത് പെണ്‍കുട്ടികള്‍ക്കെതിരായ ഭീകരതയ്ക്ക് അന്ത്യമില്ല. കിഴക്കന്‍ യുപിയിലെ ഭദോഹിയില്‍ 11 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ വ്യാഴാഴ്ച കണ്ടെത്തി. പെണ്‍കുട്ടിയുടെ തല ഇഷ്ടിക കൊണ്ട് അടിച്ചു തകര്‍ത്തതായി പോലീസ് പറഞ്ഞു. ഹാത്‌റസില്‍ 20കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന സംഭവത്തില്‍ യുപിയിലും രാജ്യത്ത് വ്യാപകമായും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഈ ക്രൂരത. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള ശത്രുതയാണ് കൊലപാതക കാരണമായി പോലീസ് പറയുന്നത്. അതേസമയം പീഡനം നടന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നു.
പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പാടത്തേക്കു പോയ പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഹാത്‌റസ് പീഡനക്കൊലയ്ക്കും ശേഷം നാലു ദിവസത്തിനിടെ നാലിലേറെ പീഡനക്കേസുകളാണ് യുപിയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.