ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഹാത്‌റസില്‍ ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ദല്‍ഹിയില്‍ ശക്തിപ്രാപിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ വിലങ്ങ്. ഇന്ത്യാ ഗേറ്റ് പരിസരത്ത് ഇന്ന് വലിയ പ്രതിഷേധം നടക്കാനിരിക്കെ അധികൃതര്‍ മുന്‍കൂട്ടി ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144ാം വകുപ്പു പ്രാബല്യത്തിലാക്കിയെന്നും ഇവിടെ ആള്‍ക്കൂട്ടത്തെ അനുവദിക്കില്ലെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഇവിടെ എല്ലാ തരത്തിലുമുള്ള ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം ഇന്ത്യാ ഗേറ്റില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ ദല്‍ഹിയിലെ സമരങ്ങളുടെ കേന്ദ്രമായ ജന്ദര്‍ മന്ദറില്‍ 100 പേര്‍ക്കു വരെ ഒത്തു ചേരാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്ച ഇവിടെ വലിയ പ്രതിഷേധ സംഗമം നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ദിവസം ഹാത്‌റസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ യുപി സര്‍ക്കാര്‍ തടയുകയും പോലീസ് രാഹുലിനെ തള്ളിവീഴ്ത്തുകയും ചെയ്തതോടെ രാജ്യത്തൊട്ടാകെ ഹത്‌റസ് പ്രതിഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ്. യുപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. സോണിയാ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, ബിഎസ്പി നേതാവ് മായാവതി, എസ് പി നേതാവ് അഖിലേഷ് യാദവ്, ശിവ സേനാ നേതാവ് സഞ്ജയ് റാവറത്ത് തുടങ്ങി നിരവധി നേതാക്കളാണ് യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.