ലണ്ടന്‍-ദുര്‍ഗാ ദേവിയായി വേഷമിട്ട ചിത്രത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ വധഭീഷണി ലഭിച്ച നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ സുരക്ഷ തേടി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിച്ചു. ബംഗാളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലണ്ടനിലാണ് നടിയുള്ളത്. ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് കേന്ദ്രത്തില്‍ നിന്നും ഇവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നുസ്രത്ത് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
സിനിമാ ഷൂട്ടിങ്ങിനായി ഒക്ടോബര്‍ 16 വരെ നുസ്രത്ത് ജഹാന്‍ ലണ്ടനില്‍ തുടരും. 'എനിക്ക് നേരെയുള്ള ഭീഷണി വളരെ ഗുരുതരമാണ്. മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങി. അടിയന്തര പോലീസ് സംരക്ഷണം ആവശ്യമാണ്' യുകെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ നുസ്രത്ത് ജഹാന്‍ അറിയിച്ചു. പ്രൊഫഷഷണല്‍ ആവശ്യത്തിനായി രണ്ടു ദിവസം മുമ്പാണ് ലണ്ടനിലെത്തിയത്. ഇവിടെയെത്തിയ ശേഷം ഇന്ത്യയിലേയും അയല്‍രാജ്യത്തിലേയും ചിലരില്‍ നിന്ന് സമൂഹ മാധ്യമ പേജുകള്‍ വഴി ഭീഷണി ലഭിച്ചു. അടിയന്തര പോലീസ് സംരക്ഷണം വേണം. ആവശ്യമായ ക്രമീകരണം നടത്താന്‍ അഭ്യര്‍ഥിക്കുന്നു, കത്തില്‍ താരം പറയുന്നു.'നിങ്ങളുടെ മരണസമയം അടുത്തിരിക്കുന്നു' തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ട്രോളുകളുടെ സ്‌ക്രീന്‍ഷോട്ടും കത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
ബംഗാളില്‍ ദുര്‍ഗാ പൂജയ്ക്ക് തുടക്കം കുറിക്കുന്ന മഹാലയ ആഘോഷ വേളയിലാണ് ' മഹിഷാസുര മര്‍ദിനിയുടെ വേഷമിട്ട ചിത്രം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. പരസ്യ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ഫോട്ടോയുമാണു നടി പങ്കുവച്ചത്. സെപ്റ്റംബര്‍ 16, 19 തീയതികളിലായി പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വിഡിയോയുടെയും പേരിലാണു ഭീഷണിയെന്നു നടിയുടെ ഓഫിസ് അറിയിച്ചു.