ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഹത്‌റസില്‍ ഉയര്‍ന്ന ജാതിക്കാരായ നാലു യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്ത ദളിത് പെണ്‍കുട്ടി മരിച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടെ ബല്‍രാംപൂരില്‍ ദളിത് യുവതിയെ കുട്ടബലാത്സംഗം ചെയ്തു കൊന്നു. ലൈംഗിക പീഡനത്തിനു പുറമെ ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്ത യുവതിയെ ലഖ്‌നൗവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴിയാണ് മരിച്ചത്. ഹത്‌റസില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്കു പോലും വിട്ടുനല്‍കാതെ പോലീസ് തന്നെ സംസ്‌ക്കരിച്ചതിനെതിരെ വലിയ പ്രതിഷേധം അലയടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ടാണ് ബല്‍രാംപൂരിലെ സംഭവം.
കൂട്ടബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മര്‍ദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നും റിപോര്‍ട്ട് പറയുന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഒരു പ്രതി പ്രായപൂര്‍ത്തി എത്താത്തയാളാണ്.
രാവിലെ ജോലിക്കു പോകുന്ന വഴിയില്‍വെച്ച് യുവതിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് അമ്മ പറഞ്ഞു. വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. വൈകീട്ട് ഏഴു മണിയോടെ പ്രതികള്‍ യുവതിയെ റിക്ഷയില്‍ വീട്ടിലേക്കു കയറ്റിവിടുകയായിരുന്നുവെന്നു. വീട്ടിലെത്തുമ്പോള്‍ യുവതിക്ക് എഴുന്നേറ്റ് നില്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. മയക്കുമരുന്ന് കുത്തിവെച്ച് ബോധംകെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായി മര്‍ദിച്ച് നടുവൊടിച്ചു. കൈകാലുകളും മുറിച്ചു പാതിജീവനാക്കിയ ശേഷമാണ് റിക്ഷയില്‍ കയറ്റിവിട്ടതെന്ന് അമ്മ പറയുന്നു.
വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ വയറ്റില്‍ വേദന കലശലായതോടെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കുകള്‍ ഗുരുതരമാണെന്നും ലഖ്‌നൗവിലെ ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പക്ഷെ ബല്‍രാംപൂര്‍ ടൗണിലെത്തും മുമ്പു തന്നെ യുവതി മരിച്ചു.