ന്യൂദല്‍ഹി- വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി ലുഫ്താന്‍സ . സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്.ഒക്ടോബറില്‍ സര്‍വീസ് നടത്താനുള്ള തങ്ങളുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതിനാല്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പ്രകാരം ആഴ്ചയില്‍ 20 സര്‍വീസുകള്‍ക്കാണ് ലുഫ്താന്‍സയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്നോ നാലോ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.ഇത് ഫലത്തില്‍ ലുഫ്താന്‍സയ്ക്ക് അനുകൂലമാകുകയും ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് ഗുണകരമല്ലാതാകുകയും ചെയ്യുന്നതായി ഡിജിസിഎ അറിയിച്ചു.ഇതേ തുടര്‍ന്ന് ലുഫ്താന്‍സയ്ക്ക് ആഴ്ചയില്‍ പരമാവധി ഏഴ് സര്‍വീസിന് മാത്രമായി അനുമതി ചുരുക്കി. ഇതാണ് ലുഫ്താന്‍സയെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള റദ്ദാക്കല്‍ തീരുമാനത്തിനും പിന്നില്‍.