ലഖ്‌നൗ- അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു.
ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 32 പ്രതികളില്‍ 26 പേരാണ് കോടതയില്‍ എത്തിയത്. ബാക്കി ആറ് പ്രമുഖർ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹാജരായത്. 28 വർഷം പഴക്കമുള്ള കേസിലാണ് കോടതിയുടെ ഉത്തരവ്. അനുകൂല വിധി പ്രതീക്ഷിച്ച് ആഹ്ലാദത്തോടെയും അനുയായികളെ അഭിവാദ്യം ചെയ്തുകൊണ്ടുമാണ് പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നത്. മസ്ജിദ് തകർത്തതിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും ആസൂത്രിതമല്ലെന്നുമാണ് സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തിയത്. ഗൂഢാലോചനയുണ്ടെന്നും ആസൂത്രിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
സാധ്വി ഋതംബര, വിനയ് കത്യാര്‍, ചമ്പത് റായി, പവന്‍ പാണ്ഡേ, ധരംദാസ്, വേദാന്തി, ലല്ലു സിംഗ് തുടങ്ങിയവര്‍ കോടതിയില്‍ എത്തിയിരുന്നു. എല്‍.കെ. അദ്വാനി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി, മുരളീ മനോഹര്‍ ജോഷി, സതീഷ് പ്രധാന്‍, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നില്ല.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. പള്ളി തകര്‍ത്ത കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും ഗൂഢാലോചന നടത്തി പ്രമുഖ നേതാക്കള്‍ക്കെതിരായ കേസ് റായ്ബറേലിയിലുമാണ് നടന്നിരുന്നത്.
2017 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണ് രണ്ട് കേസുകളും ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ആദ്യം നിര്‍ദേശിച്ചിരുന്നുവെങ്കിലും പിന്നീട് പലതവണ സമയം നീട്ടിനല്‍കി.