റിയാദ് - ജൂലൈ മാസത്തിൽ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 46.4 ശതമാനം തോതിൽ ഇടിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ പെട്രോളിതര കയറ്റുമതി 8.3 ശതമാനം തോതിലും കുറഞ്ഞു. ജൂലൈയിൽ 1742 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ജൂലൈയിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതി 30.5 ശതമാനം തോതിൽ കുറഞ്ഞു. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 2020 ജൂലൈയിൽ ആകെ കയറ്റുമതിയിൽ 1652 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ ഇക്കഴിഞ്ഞ ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ആകെ കയറ്റുമതിയിൽ 1348 കോടി റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. ജൂലൈയിൽ ആകെ കയറ്റുമതി 5114 കോടി റിയാലാണ്. ജൂലൈയിൽ ഇറക്കുമതി 3766 കോടി റിയാലായി കുറയുകയും ചെയ്തു.
ജൂൺ മാസത്തിൽ സൗദി അറേബ്യ 103 കോടി റിയാൽ വാണിജ്യ കമ്മി നേരിട്ടിരുന്നു. ജൂണിൽ കയറ്റുമതി 4349 കോടി റിയാലും ഇറക്കുമതി 4452 കോടി റിയാലുമായിരുന്നു. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ജൂലൈയിൽ ആകെ കയറ്റുമതി 37.6 ശതമാനം തോതിൽ കുറഞ്ഞു. 2019 ജൂലൈയിൽ ആകെ കയറ്റുമതി 8190 കോടി റിയാലായിരുന്നു. ജൂലൈയിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 2918 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതാണ് ആകെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചത്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ പെട്രോളിതര കയറ്റുമതി 8.3 ശതമാനം തോതിൽ കുറഞ്ഞെങ്കിലും ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ കയറ്റുമതി 5.1 ശതമാനം തോതിൽ വർധിച്ചു.
ജൂലൈ മാസത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈനയാണ്. ജൂലൈയിൽ ചൈനയിലേക്ക് 1024 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. രണ്ടാം സ്ഥാനത്തുള്ള ജപ്പാനിലേക്ക് 482 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്ക് 455 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ കയറ്റി അയച്ചു. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ ഇറക്കുമതി 30.5 ശതമാനം തോതിൽ കുറഞ്ഞു. ഇറക്കുമതിയിൽ 1652 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2019 ജൂലൈയിൽ ഇറക്കുമതി 5418 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ഇത് 3766 കോടിയായിരുന്നു. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ഇറക്കുമതി 15.4 ശതമാനം തോതിൽ കുറഞ്ഞു. ഇറക്കുമതിയിൽ 686 കോടി റിയാലിന്റെ കുറവാണുണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.