ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൂറ്റൻ അക്വേറിയത്തിനു സമീപം സെൽഫിയെടുക്കാൻ നിലവിൽ യാത്രക്കാർക്കു മാത്രമാണ് അനുമതിയുള്ളതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹിം അൽറുഅസാ പറഞ്ഞു. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അക്വേറിയത്തിനു സമീപം യാത്രക്കാരല്ലാത്തവരെ സെൽഫി എടുക്കാൻ അനുവദിക്കാത്തത്. ലോകത്തെ വിമാനത്താവളങ്ങളിൽ ഏറ്റവും വലിയ അക്വേറിയമാണ് ജിദ്ദ എയർപോർട്ടിലുള്ളത്.
ഇതിനു സമീപം സെൽഫിയെടുക്കാൻ യാത്രക്കാർ പ്രത്യേക താൽപര്യം കാണിക്കുന്നു. രണ്ടായിരത്തോളം സമുദ്ര ജീവികൾ അക്വേറിയത്തിലുണ്ട്. സ്രാവ് അടക്കം ചെങ്കടലിലെ പ്രശസ്തമായ 65 ഇനം മത്സ്യങ്ങളും അക്വേറിയത്തിലുണ്ട്.
പതിനാലു മീറ്റർ ഉയരവും പത്തു മീറ്റർ വ്യാസവുമുള്ള അക്വേറിയത്തിൽ പത്തു ലക്ഷം ലിറ്റർ വെള്ളമാണുള്ളത്. 300 മില്ലി ഘനമുള്ള ചില്ലുകൾ ഉപയോഗിച്ചാണ് അക്വേറിയം നിർമിച്ചിരിക്കുന്നത്. 12 ടൺ ഭാരം വീതമുള്ള പത്തു ചില്ലുകഷ്ണങ്ങൾ കൂട്ടിച്ചേർത്താണ് ഇത് യാഥാർഥ്യമാക്കിയിരിക്കുന്നത്. അക്വേറിയത്തിന്റെ അറ്റകുറ്റപ്പണികൾ മുങ്ങൽ വിദഗ്ധനാണ് നിർവഹിക്കുന്നത്. മത്സ്യങ്ങൾക്ക് ദിവസേന രണ്ടു നേരം തീറ്റ നൽകുന്നു.