ഭോപാല്‍- മധ്യപ്രദേശിലെ ഡിജിപി റാങ്കിലുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ സ്വന്തം ഭാര്യയെ അടിച്ചുവീഴ്ത്തി പൊതിരെ തല്ലുന്ന വിഡിയോ വൈറലായി. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് പ്രൊസിക്യൂഷന്‍ ചുമതല വഹിച്ചിരുന്ന ഡിജിപി പുരുഷോത്തം ശര്‍മയുടെ ഗാര്‍ഹിക പീഡന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ശര്‍മയെ ചുമതലയില്‍ നിന്നു നീക്കി. സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചു. ശര്‍മയെ ഉടനടി ചുമതലയില്‍ നിന്ന് നീക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ശര്‍മയ്‌ക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് മകന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും ഡിജിപി വിവേക് ജോഹരിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലെ ആരോപണങ്ങള്‍ ശര്‍മ നിഷേധിച്ചു.
തന്റെ സ്റ്റാഫ് അംഗങ്ങളെന്ന് കരുതുന്ന രണ്ടു പേര്‍ നോക്കി നില്‍ക്കെ ശര്‍മ ഭാര്യയെ തള്ളിവീഴ്ത്തുന്നതും നിലത്തിട്ട് അടിക്കുന്നതും ഞായറാഴ്ച വൈറലായി വിഡിയോയില്‍ വ്യക്തമാണ്. കണ്ടു നിന്ന രണ്ടു പേര്‍ ഇടപെടുന്നില്ല.
താന്‍ അക്രമം ചെയ്തിട്ടില്ലെന്ന് ശര്‍മ പറഞ്ഞു. 'ഇത് ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്‌നമാണ്. അവര്‍ എനിക്കെതിരെ 2008ലും പരാതി നല്‍കിയിരുന്നു. 32 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. അവര്‍ എന്നോടൊപ്പം തന്നെയാണ് കഴിയുന്നതും. ഞങ്ങള്‍ ഒരുമിച്ചാണ് എല്ലാ സൗകര്യങ്ങളും പങ്കിടുന്നതും. വിദേശ യാത്രകളടക്കം എന്റെ ചെലവിലാണ്. അവര്‍ക്ക് ഞാനുമായി പ്രശ്‌നമുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ എന്നോടൊപ്പം കഴിയണം,' ശര്‍മ ചോദിച്ചു.
പ്രചരിച്ചു വിഡിയോയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന്് മധ്യപ്രദേശ് വനിതാ കമ്മീഷന്‍ അറിയിച്ചു. ഐപിഎസ് ഓഫീസര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.