കൊല്‍ക്കത്ത- കോവിഡ്19 പിടിപെട്ടാന്‍ താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന പ്രഖ്യാപിച്ച ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്‌റയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. പുതിയ ദേശീയ കമ്മിറ്റയിലേക്ക് ബിജെപി ദിവസങ്ങള്‍ക്കു മുമ്പ് തിരഞ്ഞെടുത്ത നേതാവാണ് ഹസ്‌റ. ഹസ്‌റയുടെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതാണെന്നും മോശം പരാമര്‍ശമാണെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാന ഭരിക്കുന്ന ഒരു നേതാവിനെതിരെ ഇത്തരം പരാമര്‍ശം നടത്തിയതിലൂടെ അദ്ദേഹം ഭരണഘടന ലംഘിച്ചിരിക്കുകയാണെന്നും സിലിഗുരി പോലീസ് സ്റ്റേഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റഫ്യൂജി സെല്‍ വനിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സൗത്ത് 24 പര്‍ഗാനാസിലെ ബറുയ്പൂരില്‍ ഞായറാഴ്ച നടന്ന ഒരു പരിപാടിക്കിടെയാണ് അനുപം ഹസ്‌റ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരിപാടിയില്‍ മാസ് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് അദ്ദേഹവും ബിജെപി അണികളും പങ്കെടുത്തത്. എന്തുകൊണ്ട് മാസ്‌ക് ധരിക്കുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം മേല്‍പരാമര്‍ശനം നടത്തിയത്. 'ബിജെപി പ്രവര്‍ത്തകര്‍ കോവിഡിനേക്കാള്‍ വലിയ ശത്രുവിനോടാണ് പൊരാടുന്നത്. അവര്‍ മമത ബാനര്‍ജിയോടാണ് പൊരുതുന്നത്. അവര്‍ക്ക് കോവിഡ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഭയവുമില്ല. എനിക്ക് കോവിഡ് പിടിപെട്ടാല്‍ ഞാന്‍ മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കും. അവര്‍ കോവിഡ് രോഗികളെ മോശമായാണ് ചികിത്സിക്കുന്നത്. മൃതദേഹങ്ങള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയാണ്. ചത്ത പുച്ചയെ പോലൂം ഇങ്ങനെ ചെയ്യാറില്ല'- എന്നായിരുന്നു ഹസ്‌റയുടെ മറുപടി.