അഹമ്മദാബാദ്- ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഈ മാസം നടത്തിയ മൂന്നാമത്തെ പര്യടനത്തിലാണ് മോഡി മുന്‍ യു.പി.എ സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചത്.
ഗുജറാത്തിന്റെ വ്യാവസായിക വളര്‍ച്ചയും സംസ്ഥാനത്തിന്റെ വികസനവും യു.പി.എ തടസ്സപ്പെടുത്തിയെന്നും തന്നോട് ശത്രുതാ പരമായ നിലപാട് കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2014ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയാക്കിയതോടെയാണ് സംസ്ഥാനത്തെ കാര്യങ്ങള്‍ മാറിയതെന്നും മോഡി അവകാശപ്പെട്ടു.
കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായതോടെയാണ് സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വലിയ മാറ്റമാണുണ്ടായത്. ഗുജറാത്തിനു മികച്ച പരിഗണനയും പ്രാധാന്യവുമാണു നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.