ബംഗളുരു- തീവ്രവാദികളുടെ ആസ്ഥാനമാണ് ബംഗളുരു എന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി യൂത്ത് വിംഗ് നേതാവ് തേജസ്വി സൂര്യയെ പുറത്താക്കണമെന്ന് കോൺഗ്രസ് കർണാടക സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ യൂത്ത് വിംഗിന്റെ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പട്ട ശേഷമായിരുന്നു തേജസ്വിയുടെ പ്രസ്താവന. വിവാദ പ്രസ്താവനയിലൂടെ ബംഗളൂരുവിനെ കൊലപ്പെടുത്തുകയാണ് തേജസ്വി സൂര്യ ചെയ്തതെന്ന് ഡി.കെ ആരോപിച്ചു. സൂര്യയെ മുഖ്യമന്ത്രി യെഡിയൂരപ്പ അനുകൂലിക്കുകയാണെന്നും മോഡിയും അമിത് ഷായും ഇതേ നിലപാടിലാണോ എന്നും ഡി.കെ ചോദിച്ചു. അതേസമയം, ഈയിടെയായി ബംഗളൂരുവിൽ കൂടി വരുന്ന തീവ്രവാദ പ്രവർത്തനങ്ങളെ സൂചിപ്പിക്കുക മാത്രമാണ് തേജസ്വി സൂര്യ ചെയ്തത് എന്നാണ് യെഡിയൂരപ്പയുടെ നിലപാട്.