Sorry, you need to enable JavaScript to visit this website.

ജെല്ലിക്കെട്ട് വേണ്ട,  ആനയെഴുന്നള്ളിപ്പും

തങ്ങളുടെ സാംസ്‌കാരികത്തനിമയുടെ ഭാഗമെന്ന് തമിഴ്‌നാട്ടുകാർ അവകാശപ്പെടുന്ന ജെല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധ സമരം വ്യാപകമാവുകയാണ്. ഇതേച്ചൊല്ലി തമിഴ്‌നാട്ടിൽ നടന്ന ബന്ദ് ഏറെക്കുറെ പൂർണമായിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു. പത്ത് സംഘടനകൾ ഉൾപ്പെട്ട തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം നൽകി. തമിഴ്‌നാട് ചേംബർ ഓഫ് കോമേഴ്‌സ് പിന്തുണ പ്രഖ്യാപിച്ചു. അഭിഭാഷകർ കോടതികൾ ബഹിഷ്‌കരിച്ചു. 
മറീന ബീച്ചിലെ പ്രതിഷേധ പ്രകടനത്തിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിപ്പുമുടക്കി പങ്കെടുക്കുന്നത്. ഇത് മറ്റു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങൾ മുതൽ സിനിമക്കാർ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളും സമരത്തിൽ പങ്കാളികളാണ്. ജെല്ലിക്കെട്ട് അനുവദിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളുകയും തന്നെ സന്ദർശിച്ച മുഖ്യമന്ത്രിയെ പ്രധാനമന്ത്രി കൈവിടുകയും ചെയ്തതോടെയാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. ജെല്ലിക്കെട്ട് പുനഃസ്ഥാപിക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പനീർസെൽവം പ്രധാനമന്ത്രി മോഡിയെ കണ്ടത്. സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ വിധി പ്രസ്താവന വന്നശേഷം നിലപാടെടുക്കാമെന്ന് മോഡി അറിയിക്കുകയായിരുന്നു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് കേന്ദ്രം പ്രാധാന്യം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തായാലും ഓർഡിനൻസുമായി മുന്നോട്ടുപോകാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. 
2014 ലാണ് ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീംകോടതി വിധിച്ചത്. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) എന്ന സംഘടനയാണ് നിരോധമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മൃഗ സംരക്ഷണ വകുപ്പും അതിനെ പിന്തുണച്ചു. പ്രതിഷേധ സമരം കണക്കിലെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ അഭിഭാഷകർ വീണ്ടും ഹരജി സമർപ്പിച്ചെങ്കിലും സുപ്രീംകോടതി അത് തള്ളിയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി തള്ളിയ വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതിയും മടിക്കുന്നു. 
കോയമ്പത്തൂരിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചെന്നൈ, താംബരം, ഗുഡുവാഞ്ചേരി, പുതേരി എന്നിവിടങ്ങളിലേക്കെല്ലാം വ്യാപിച്ചിട്ടുണ്ട്. മറീനാ ബീച്ചാണ് ഇപ്പോൾ പ്രധാന സമരവേദി. സംസ്ഥാനത്തുടനീളം ഹർത്താലാചരിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും പ്രതിഷേധം വ്യാപിക്കാതിരിക്കാൻ പലയിടത്തും ഇന്റർനെറ്റ് നിർത്തി. 
ജെല്ലിക്കെട്ട് തമിഴ്‌നാട്ടുകാരിലെ വലിയൊരു ഭാഗം സംസ്‌കാരത്തിന്റെ ഭാഗമായാണ് കാണുന്നത് എന്നത് ശരിയാണ്. എന്നാൽ സംസ്‌കാരമെന്നത് മാറാത്ത ഒന്നാണോ എന്ന ചോദ്യമാണ് പ്രസക്തം. പാരമ്പര്യ ആചാരത്തിന്റെ ഭാഗമായും ദേവപ്രീതിക്കുമായാണ് ജെല്ലിക്കെട്ട് നടക്കുന്നത്. തന്നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യർക്ക് കീഴടക്കേണ്ടി വരുന്നത്. ജീവൻപണയം വച്ചുള്ള ആചാരം. എത്രയോ ജീവനുകൾ കാളകൾക്കുമുന്നിൽ തകർന്നടിഞ്ഞു. എത്രയോ പേർ ജീവച്ഛവങ്ങളായി. കാളകൾ നേരിടുന്ന പീഡനങ്ങൾ വേറെ.  എന്നാലുമിത് അവരുടെ ജീവിതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ്. കാളപ്പോരിൽ ജയിക്കുന്ന ധീരരെ വിവാഹം കഴിക്കാൻ സുന്ദരികളായ പെൺകുട്ടികൾ മത്സരിക്കുന്നതും ജെല്ലിക്കെട്ടിന്റെ ആവേശം വർധിപ്പിക്കുന്നു. ഇവരെ  അസാമാന്യ നെഞ്ചുറുപ്പുള്ളവരും ധൈര്യവാന്മാരുമെന്ന് തമിഴ് സമൂഹം കണക്കാക്കുന്നു.
തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടക്കുന്നത്.  മധുര ജില്ലയിലെ അളഗനല്ലൂർ, പാലമേട് എന്നീ സ്ഥലങ്ങളാണ് ജെല്ലിക്കെട്ടിനു പേരു കേട്ടത്. സ്‌പെയിനിൽ നടത്തിവരുന്ന കാളപ്പോരിൽനിന്ന് വ്യത്യസ്തമായി കാളകളെ ശാരീരികമായി ആക്രമിക്കലല്ല അവയെ മെരുക്കുന്നതാണ് ജെല്ലിക്കെട്ടെന്നാണ് സമരക്കാരുടെ വാദം. 
ഇതെല്ലാം ഒരു വശം മാത്രം. 
ജെല്ലിക്കെട്ടിൽ സംസ്‌കാരമൊക്കെ ഉണ്ടാകാം. എന്നാൽ അതിക്രൂരമായ മനുഷ്യപീഡനവും മൃഗപീഡനവും അതിൽ നടക്കുന്നുണ്ട്. അതിനാൽതന്നെ അത് നിയമവിരുദ്ധവുമാണ്.  കാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ ഓരോ കാലത്തും ആർജിക്കുന്ന അവബോധങ്ങൾ സംസ്‌കാരത്തോട് ഉൾച്ചേർക്കുമ്പോഴാണ് സംസ്‌കാരം കാലാനുസൃതമാകുന്നത്. വിനോദങ്ങൾക്കായി മൃഗങ്ങളെ പീഡിപ്പിക്കരുത് എന്നത് അത്തരമൊരു അവബോധമാണ്. സർക്കസിൽ നിന്നുപോലും മൃഗപീഡനം ഒഴിവാക്കിയത് അതിന്റെ ഭാഗമാണല്ലോ. ഒപ്പം അനാവശ്യമായ മനുഷ്യക്കുരുതികൾ തടയുക എന്നതും. മൃഗങ്ങളെ മെരുക്കുന്നതാണ് ആണത്തം എന്നതും കാലഹരണപ്പെട്ട സങ്കൽപ്പം തന്നെ. എന്തിനേറെ, കോഴിപ്പോര് മുതൽ ചേകവന്മാരുടെ പടവെട്ടൽ പോലും ഏറെക്കുറെ ഇല്ലാതായില്ലേ? (ക്വട്ടേഷൻ സംഘങ്ങളുടെ കാര്യം മറക്കുന്നില്ല).
ഇത് പറയുമ്പോൾ ഉന്നയിക്കപ്പെടുന്ന മറുചോദ്യം മാംസാഹാരം ഭക്ഷിക്കുന്നവർക്ക് അത് പറയാനുള്ള അവകാശമെന്താണെന്നാണ്. കമലഹാസനടക്കം പറയുന്നത് അതാണ്. കേരളത്തിൽ ആനപീഡനങ്ങൾക്കും നായ്ക്കളുടെ കൂട്ടക്കൊലകൾക്കുമെതിരെ ശബ്ദിക്കുന്നവരെയും ആക്രമിക്കുന്നത് ഈ യുക്തിയിലാണ്. ജീവജാലങ്ങൾ പരസ്പരം കൊന്നുതിന്നുന്നത് പ്രകൃതിനിയമമാണ്. സസ്യഭുക്കുകളാണെങ്കിലും ഭക്ഷിക്കുന്നത് ജീവിയെ തന്നെ. എന്നാൽ വിനോദത്തിനായുള്ള പീഡനം പ്രകൃതി നിയമമല്ല. മനുഷ്യരൊഴികെ ഒരു ജീവിയും അതു ചെയ്യുന്നില്ല. മാംസാഹാരം ഉപേക്ഷിച്ചാൽ നല്ലത് തന്നെ. എന്നാലിന്ന് അത് ഒരു പൊതു അവബോധമോ നിയമമോ അല്ല. അതേ സമയം പല മൃഗങ്ങളേയും കൊല്ലുന്നത് നിയമവിരുദ്ധവുമാണ്. ഈ സാഹചര്യത്തിൽ ഇന്ന് നാം എത്തിച്ചേരാത്ത ഒരു അവബോധത്തിന്റെ പേരിൽ തത്ത്വത്തിൽ അംഗീകരിക്കുന്നതും നിയമപരമായി തെറ്റുമായ ഒരു കാര്യം അംഗീകരിക്കണമെന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത്?
അതത് കാലത്തിന്റെ സൃഷ്ടിയായ ആചാരങ്ങൾ മറ്റൊരു കാലത്ത് മാറ്റങ്ങൾക്ക് വിധേയമാകുന്നത് തികച്ചും സ്വാഭാവികമാണ്. ഇന്നത്തെ രീതിയിലുള്ള ജെല്ലിക്കെട്ട് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. ആചാരങ്ങളുടെ ഭാഗമായിരുന്ന മനുഷ്യബലികളും മൃഗബലികളും ഏറെക്കുറെ അവസാനിച്ചതിന്റെ തുടർച്ചതന്നെയാണിതും.
തീർച്ചയായും നമ്മുടെ ആനയെഴുന്നള്ളിപ്പുകൾ ജെല്ലിക്കെട്ടിനേക്കാൾ ഭീകരം തന്നെയാണ്. കാട്ടുമൃഗമായ ആന ഏറ്റവും ഭീകരമായി പീഡിപ്പിക്കപ്പെടുകയും മറുവശത്ത് മനുഷ്യക്കുരുതികൾക്ക് കളമൊരുക്കുകയും ചെയ്യുന്നവ തന്നെയാണ് ആനയെഴുന്നള്ളിപ്പുകൾ. ഒരു വർഷം ശരാശരി 25 ൽപരം മനുഷ്യജീവനുകളാണ് ആനയെഴുന്നെള്ളിപ്പുകളുടെ ഭാഗമായി നഷ്ടപ്പെടുന്നത്. ജെല്ലിക്കെട്ടിനേക്കാൾ കൂടുതൽ പണമൊഴുകുന്ന രംഗവുമാണിത്. അതിനാലാണ് തമിഴ് നാട്ടിൽ നിന്ന് വ്യത്യസ്തമായി ഏത് കോടതിയിലുമെത്തി പ്രത്യേക അനുമതി നേടാൻ നമ്മുടെ ഉത്സവകമ്മിറ്റിക്കാർക്ക് കഴിയുന്നത്. എന്നിട്ടും നടക്കുന്നത് പച്ചയായ നിയമലംഘനങ്ങൾ തന്നെയാണ്. ജെല്ലിക്കെട്ടായാലും ആനയെഴുന്നള്ളിപ്പായാലും കാലാനുസൃതമായി അവയൊക്കെ അപ്രത്യക്ഷമാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സംസ്‌കാരമെന്നത് നിശ്ചലമായ തടാകമല്ല എന്നും ഒഴുകുന്ന പുഴയാണെന്നുമാണ് ആചാരങ്ങളെ മുറുകെപ്പിടിക്കുന്നവർ തിരിച്ചറിയേണ്ടത്.
 

Latest News