ന്യൂദല്‍ഹി- 2017 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍മാരായ രഞ്ജിത് സിന്‍ഹ, എപി സിങ്, അലോക് വര്‍മ എന്നിവരെ എന്തുകൊണ്ട് സിബിഐ ചോദ്യം ചെയ്തില്ലെന്ന് കോടതി. വ്യവസായി മൊയിന്‍ ഖുറേശിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു മുന്‍ സിബിഐ ഡയറക്ടര്‍മാര്‍ക്കെതിരെ ആരോപണമുയര്‍ന്നത്. മാംസ കയറ്റുമതി വ്യവസായി എന്നതിനു പുറമെ ഖുറേശി ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചുവെന്നും ഇദ്ദേഹത്തെ 2012ല്‍ സിബിഐ മേധാവിയായിരുന്ന എപി സിങ് സഹായിച്ചുവെന്നും സിബിഐ എഫ്‌ഐആറില്‍ ആരോപണം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് സിബിഐ പ്രത്യേക കോടതി ജഡ്ജി സഞ്ജീവ് അഗര്‍വാളാണ് സിബിഐയെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചത്. മൂന്ന് മുന്‍ സിബിഐ ഡയറക്ടര്‍മാരുടെ പങ്ക് ആരോപിക്കപ്പെടുന്ന കേസ് എന്തുകൊണ്ടാണ് സിബിഐ താമസിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ഈ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സിബിഐക്ക് അത്ര താല്‍പര്യമില്ലെന്ന് അനുമാനിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ഈ കേസില്‍ എപി സിങും രഞ്ജിത് സിന്‍ഹയും ഖുറേശിക്കൊപ്പം വ്യക്തമായും സംശയ നിഴലിലാണ്. ഇക്കാര്യത്തില്‍ തുറന്നതും സത്യസന്ധവുമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സെപ്തംബര്‍ 26ന് കോടതി വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുത്ത്് ചോദ്യം ചെയ്തും റെയ്ഡ് നടത്തിയും മറ്റും നിലവിലെ കേസന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഈ കേസില്‍ അന്വേഷണം എന്തുകൊണ്ട് പൂര്‍ത്തിയാക്കിയില്ല. ഈ കേസ് അന്വേഷണം തടയുന്നതില്‍ മുന്‍ സിബിഐ മേധാവി അലോക് വര്‍മയ്ക്ക് പങ്കുണ്ടോ എന്നും കോടതി ചോദിച്ചു. നേരത്തെ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സിബിഐ നല്‍കിയ മറുപടി പരസ്പര വിരുദ്ധവും അവ്യക്തവുമായതിനാല്‍ എഫ്‌ഐആര്‍ കാലഹരണപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിശ്ചിത സമയപരിധി ഇല്ലാതിരുന്നാല്‍ അന്വേഷണം അനിശ്ചിതകാലത്തേക്കു നീണ്ടു പോകുമെന്നും കോടതി പറഞ്ഞു.