ചണ്ഡീഗഢ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും മുന്നണി പേരില്‍ മാത്രമെ ഉള്ളൂവെന്ന് സഖ്യം ഉപേക്ഷിച്ച ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. 'കഴിഞ്ഞ 7, 8, 10 വര്‍ഷങ്ങളായി എന്‍ഡിഎ പേരില്‍ മാത്രമെ ഉള്ളൂ. മുന്നണിയില്‍ ഒന്നും നടക്കുന്നില്ല. ചര്‍ച്ചയില്ല, ആസൂത്രമണമില്ല, യോഗങ്ങളില്ല. വര്‍ഷങ്ങളായി പ്രധാനമന്ത്രി മുന്നണി യോഗം വിളിച്ചു ചേര്‍ത്തതായി ഞാന്‍ ഓര്‍ക്കുന്നില്ല. സഖ്യം കടലാസില്‍ മാത്രം ഒതുങ്ങിയാല്‍ പോര. മുമ്പ് വാജ്‌പേയിയുടെ കാലത്ത് ശരിയായ ബന്ധം ഉണ്ടായിരുന്നു. എന്റെ പിതാവ് എന്‍ഡിഎയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഞങ്ങള്‍ എന്‍ഡിഎ മുന്നണി ഉണ്ടാക്കിയതില്‍ ഖേദമുണ്ട്'- സുഖ്ബീര്‍ പറഞ്ഞു.
പഞ്ചാബില്‍ ഒരു ന്യൂനപക്ഷ പാര്‍ട്ടിയായിട്ടു പോലും എല്ലാ കാര്യത്തിലും ബിജെപിയെ കൂടെകൂട്ടിയിട്ടുണ്ട്. പ്രകാശ് സിങ് ബാദല്‍ മുന്നണിയെ നയിച്ചതു പോലെ മുന്നോട്ടു കൊണ്ടു പോകണം. എല്ലാ തീരുമാനങ്ങള്‍ക്കും അദ്ദേഹം ബിജെപിയുമായി കൂടിയാലോചിക്കുമായിരുന്നു- സുഖ്ബീര്‍ പറഞ്ഞു. സഖ്യം വിടാനുള്ള പാര്‍ട്ടി തീരുമാനം ഐകകണ്‌ഠ്യേനയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ രാജിവച്ചതിനു ശേഷം പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പാര്‍ട്ടി തീരുമാനമെടുക്കുകയും ചെയ്തു- അദ്ദേഹം വ്യക്തമാക്കി.