മലപ്പുറം- കോവിഡ് സംശയത്തെ തുടര്‍ന്ന് ചികിത്സ നല്കാന് ആശുപത്രികള്‍ മടിച്ചതിനെ തുടര്‍ന്ന് 14 മണക്കൂര് അലഞ്ഞ യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സക്കിടെയാണ് മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി എന്‍.സി. ഷെരീഫിന്റെ ഭാര്യ സഹ്്ല തസ്നീമി (20) ന്റെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചത്.
പൂര്‍ണ ഗര്‍ഭിണിയെ ചികിത്സിക്കാന്‍ തയാറാകാതെ മൂന്ന് ആശുപത്രികള്‍ കൈയൊഴിഞ്ഞതോടെ 14 മണിക്കൂര്‍ അലഞ്ഞാണ് അവസാനം സഹ്്ല തസ്നീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുപ്രഭാതം പത്രത്തിന്റെ മഞ്ചേരി ലേഖകന്‍ കൂടിയായ എന്‍.സി. ഷെരീഫാണ് അധികൃതരുടെ അനാസ്ഥമൂലം ഭാര്യയുമായി മണിക്കൂറുകള്‍ അലഞ്ഞത്. ശനിയാഴ്ച രാവിലെ നാല് മണിയോടെയാണ് ഷെരീഫ് ഭാര്യയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
അവിടെ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേ ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായില്ല. പ്രസവ ചികിത്സയ്ക്ക് പി.സി.ആര് ഫലം തന്നെ വേണമെന്നും കൊറോണ ആന്റിജന്‍ പരിശോധനാ ഫലം അംഗീകരിക്കില്ലെന്നും സ്വകാര്യ ആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് ഷരീഫ് പറഞ്ഞു. പിന്നീട് പി.സി.ആര് ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചു ഇവര്‍ക്ക് അലയേണ്ടി വന്നു. യുവതി നേരത്തെ കൊറോണ പോസിറ്റീവ് ആയിരുന്നു. പിന്നീട് രോഗം ഭേദമായി.
കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞെങ്കിലും പിന്നീട് പാതിവഴി എത്തിയപ്പോള്‍ തിരിച്ചുവിളിച്ച് പി.സി.ആര് ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പി.സി.ആര് പരിശോധനാ ഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്. വൈകിട്ടോടെ കുട്ടികള്‍ മരിക്കുകയായിരുന്നു.