എടവണ്ണ- ഒതായിയിലെ ഒറ്റമുറിയില്‍ നാട്ടുകാരുടെ സ്‌നേഹവും പരിചരണവുമായി കഴിഞ്ഞിരുന്ന ശിവേട്ടനെ തേടി ആറു വര്‍ഷത്തിന് ശേഷം ജന്മനാട്ടില്‍ നിന്ന് മക്കളെത്തി. ഒറ്റപ്പാലം സ്വദേശി ആലംപറമ്പില്‍ സാംബശിവനാണ്(75) മക്കളോടൊപ്പം നാട്ടിലേക്ക് പോയത്.
ആറുവര്‍ഷം മുമ്പ് വീടുവിട്ടറിങ്ങിയ സാംബശിവന്‍ മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്ത് ഒതായിയില്‍ താമസമാക്കുകയായിരുന്നു. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണവും സ്‌നേഹവും ആസ്വദിച്ചായിരുന്നു ഒതായിയിലെ ജീവിതം. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായി ഈ ഒറ്റപ്പാലത്തുകാരന്‍ മാറി. വാര്‍ധക്യത്തിലെത്തിയ ശിവേട്ടനെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് നാട്ടുകാര്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തിന് ഭക്ഷണമെത്തിക്കുന്നതിന് നേതൃത്വം നല്‍കിയ പി.വി.അബ്്ദുസമദ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ വീട്ടുകാരെ കണ്ടെത്താന്‍ ശ്രമം നടത്തി. എടവണ്ണ പോലീസിലെ വളണ്ടിയര്‍ കാപ്റ്റന്‍ ജംഷീര്‍ ചാത്തല്ലൂരിന്റെ സഹായത്തോടെയാണ് ഒറ്റപ്പാലത്തെ മക്കളെ കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ ഇവരെത്തി അച്ഛനെ നാട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.
ആറുവര്‍ഷക്കാലം തന്നെ സഹായിച്ച ഒതായിക്കാര്‍ക്ക് നന്ദിപറഞ്ഞാണ് ശിവേട്ടന്‍ മടങ്ങിയത്. നാട്ടില്‍ അദ്ദേഹത്തിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. വയോധികനായ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം പരിചരിക്കുമെന്ന് മക്കള്‍ വാക്ക് നല്‍കിയാണ് പോലീസുകാരുടെ സാന്നിധ്യത്തില്‍ ഒറ്റപ്പാലത്തെ വീട്ടിലേക്ക് കൊണ്ടുപോയത്.