പൂനെ- ഭാര്യയുമായി നിരന്തരം ചാറ്റ് ചെയ്യുന്ന ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭര്‍ത്താവ്. പൂനെയിലാണ് സംഭവം. ഭാര്യയുമായി യുവാവ് അമിതമായി ചാറ്റ് ചെയ്യുന്നതിലുള്ള പകയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവിനെ അയജ് എന്നയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സൗരബിന്റെ സഹോദരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച ഔന്ദ് ആശുപത്രി പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അയജ് ഷെയ്ഖിനെയും സുഹൃത്ത് സോണ്യ ബരതെയെയും പോലീസ് അറസ്റ്റ് ചെയ്തു. അയജിന്റെ ഭാര്യയും കൊല്ലപ്പെട്ട സൗരഭും തമ്മില്‍ വിവാഹത്തിന് മുന്‍പ് തന്നെ ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇവര്‍ ഒരിക്കല്‍പോലും നേരിട്ട് കണ്ടീട്ടില്ല എന്ന് പോലീസ് പറയുന്നു. ഭാര്യ മറ്റൊരാളുമായി നിരന്തരം ചാറ്റ് ചെയ്യുന്നത് അയജിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ സുഹൃത്തിനൊപ്പം സൗരഭിനെ കാണാനെത്തി. ഇവിടെ വച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അയജ് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സൗരഭ് വൈകാതെ മരിച്ചു.