ഗാന്ധിനഗർ- ഒരു മാസത്തിനിടെ മൂന്നാമതും ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പ്രഖ്യാപിച്ചത് കോടികളുടെ പദ്ധതികൾ. ഇതിന് പുറമെ 650 കോടി ചെലവ് വരുന്ന ഫെറി സർവീസിന്റെ ഒന്നാം ഘട്ടവും മോഡി മോഡി ഉദ്ഘാടനം ചെയ്തു. വഡോദരയിൽ 11,40 കോടിയുടെ പദ്ധതിയുടെ പ്രഖ്യാപനമാണ് മോഡി നടത്തുന്നത്. ഈ പദ്ധതിയുടെ ശിലാസ്ഥാപന കർമം മോഡി നിർവഹിക്കും. ഗുജറാത്തിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോഡിയുടെ തിരക്കിട്ട ഉദ്ഘാടന പരിപാടികളും പദ്ധതി പ്രഖ്യാപനങ്ങളും. അടുത്ത ദിവസം തന്നെ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മോഡിയുടെ സന്ദർശനത്തിന് ശേഷം തെരഞ്ഞെടുപ്പ്് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഗോഗക്കും ദാഹെജിനുമിടയിൽ ഫെറി സർവീസ് തുടങ്ങുന്നത് വിപ്ലവകരമായ കാര്യമാണെന്നും ഗുജറാത്തിന് മാത്രമല്ല രാജ്യത്തിനാകമാണ് ഇത് അഭിമാനകരമാണെന്നും മോഡി അഭിപ്രായപ്പെട്ടു. ഗോഗക്കും ദാഹെജിനുമിടയിൽ 31 കിലോമീറ്റർ ഫെറി സർവീസാണ് തുടങ്ങിയത്. റോഡ് മാർഗം ഈ രണ്ടു സ്ഥലത്തേക്കും എത്തണമെങ്കിൽ 310 കിലോമീറ്റർ സഞ്ചരിക്കണം. ഈ ദൂരമാണ് 30 കിലോമീറ്ററായി ചുരുങ്ങിയത്. സൂറത്തിലെ ഡയമണ്ട് വ്യാപാരികൾക്കും തൊഴിലാളികൾക്കും ഫെറി സർവീസ് ഏറെ ഗുണകരമാകും. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം രണ്ടു മാസത്തിനകം തുടങ്ങാനാകും.
1960- മുതലുള്ള സ്വപ്‌നപദ്ധതിയാണിത്. 2012-ലാണ് നരേന്ദ്രമോഡി ഫെറി സർവീസിന് തറക്കല്ലിട്ടത്.