മുംബൈ- മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്ന ബോളിവൂഡ് താരങ്ങളുടെ കാറുകളെ അമിത വേഗതയില്‍ പിന്തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുംബൈ പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പു നല്‍കി. അപകടരമായി വാഹനമോടിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപായപ്പെടുത്തരുതെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നീ മുന്‍ താരങ്ങളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. ഇവരുടെ കാറുകളെ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്‌സ് ചെയ്തതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. താരങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതു മുതല്‍ എന്‍സിബിയുടെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തുന്നതുവരെ ചിത്രങ്ങലും വിഡിയോയും പകര്‍ത്തി മാധ്യമപ്പടയുടെ വാഹനങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചിരുന്നു. ദീപികയും ശ്രദ്ധയും മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ചെങ്കിലും സാറ അലി ഖാനെ വിടാതെ പിന്തുടര്‍ന്നു. താരങ്ങളുടെ കാറുകളെ അലക്ഷ്യമായി ഡ്രൈവിങിലൂടെ ചെയ്‌സ് ചെയ്യുന്നത് കണ്ടാല്‍ വാഹനം പിടിച്ചെടുക്കുമെന്നും ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ സംഗ്രംസിങ് നിശാന്ദാര്‍ മുന്നറിയിപ്പു നല്‍കി.